Read in English – ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – രണ്ടാം ഭാഗം

ഈ യാത്രയിൽ ഉടനീളം ഞങ്ങൾ രാവിലെ പരമാവധി നേരത്തെ തയ്യാറാവാൻ ശ്രദ്ധിച്ചിരുന്നു. അതിനു പലവിധ കാരണങ്ങൾ ഉണ്ട്. ട്രാഫിക് ഒഴിവാക്കുക, കടുത്ത ചൂട് അല്പസമയത്തേക്കെങ്കിലും ഒഴിവാക്കുക, ലേ ഒക്കെ കഴിഞ്ഞാൽ പിന്നെ പല സ്ഥലത്തും വാട്ടർക്രോസിങ് ഉണ്ടാവും; അത് നേരത്തെ മറികടക്കുക, മുതലായവ. ഇന്ന് ഞങ്ങൾ പക്ഷെ അല്പം താമസിച്ചാണ് ഇറങ്ങിയത്. കാരണം ഈ യാത്ര ഹൈവേകളിൽകൂടിയാണ്. അതിനാൽ തന്നെ ഗൂഗിൾ മാപ്പിലെ സമയത്തു തന്നെ എത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഏകദേശം ഏഴുമണിയോടുകൂടി ഡൽഹിയിൽനിന്നും തിരിച്ചു. ഇന്നലെ വൈകുന്നേരം വിളിച്ച ഒരു സുഹൃത്തിൽനിന്നും പോകുന്ന വഴിയിൽ മുർത്തൽ എന്ന സ്ഥലവും അവിടെ ഒരുപാട് വലിയ ധാബകളും ഉണ്ടെന്നറിഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അംരിക് സുഖ്‌ദേവ് (Amrik Sukhdev) എന്ന ധാബയിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.

Starting from Delhi - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Starting from Delhi

ഗൂഗിൾ മാപ്പിൽ കാണിച്ച സ്ഥലം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി. പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ഒരു കെട്ടിടം. വിശാലമായ പാർക്കിങ്. അംരിക് സുഖ്‌ദേവ് എന്ന ബോർഡും. സെക്യൂരിറ്റിയുടെ അടുത്തായി ബൈക്കും ബൈക്കിലെ സാധനങ്ങളും വെച്ച് ഞങ്ങൾ കഴിക്കാനായി കയറി. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു, ഒന്നും പേടിക്കണ്ട എന്നും.

ഏകദേശം അഞ്ഞൂറുപേർക്കെങ്കിലും ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഒരിടം. ധാബ എന്ന പേരിൽ നാട്ടിലെ ചെറിയ കെട്ടിടങ്ങൾ കണ്ടുവരുന്നവർക്ക് ഇതൊരത്ഭുതമായിരിക്കും; തീർച്ച. ഭക്ഷണത്തിനും മിതമായ തുക മാത്രം. കെട്ടിടത്തിന്റെ വലിപ്പം കണ്ടാൽ ഭക്ഷണത്തിന് വലിയ വില തോന്നുകയും ചെയ്യും. വയറുനിറയെ കഴിച്ചു അവിടുന്ന് ഇറങ്ങി.

Amrik Sukhdev Dhaba - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Amrik Sukhdev Dhaba
Amrik Sukhdev - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Amrik Sukhdev
Amrik Sukhdev Dhaba - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Amrik Sukhdev Dhaba
Amrik Sukhdev Dhaba - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Amrik Sukhdev Dhaba

വയറുനിറഞ്ഞതിന്റെ ഉന്മേഷത്തിൽ യാത്ര തുടർന്നു. പിന്നീടങ്ങോട്ട് നല്ല വെയിലായിരുന്നു. വഴി നല്ലതായതിനാലും ചുറ്റിനും വയലുകളും പച്ചപ്പും ഉണ്ടായിരുന്നതിനാലും യാത്ര വിരസമായില്ല. ഇന്റർകോം ഉണ്ടായിരുന്നതുകാരണം ഞങ്ങളുടെ സംസാരവും അന്താക്ഷരി കളിയും വളരെ നന്നായി നടന്നു. ദില്ലിയിൽനിന്നും ചണ്ഡീഗഡ് വരെയുള്ള വഴി വളരെയധികം പ്രശംസയർഹിക്കുന്നു. ഒട്ടും തന്നെ കുഴികൾ ഇല്ലാതെ രണ്ടോ അതിലധികമോ lane ഉള്ള വഴികളായിരുന്നു എല്ലാം. ആകെയുണ്ടായിരുന്ന പ്രശ്നം എവിടെയും നോക്കാതെ ആരെയും ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവർ ആയിരുന്നു.

Chandigarh - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Chandigarh

ഉച്ചകഴിഞ്ഞപ്പോൾ ചണ്ഡീഗഡ് എത്തി. ആദ്യം ലൊക്കേഷൻ കൊടുത്തിരുന്ന ഹോട്ടൽ മറ്റൊന്നായിരുന്നു. അതിനാൽ തന്നെ ഞങ്ങളുടെ ഹോട്ടലിൽ എത്തിച്ചേരാൻ അല്പം താമസിച്ചു. ഇവിടെയും ബൈക്ക് വഴിയരികിൽ പാർക്ക് ചെയ്യണമായിരുന്നു. അവരുടെ പാർക്കിങ്ങിൽ എന്തോ പണികൾ നടക്കുന്നതുകാരണം അവിടെ വണ്ടി വെക്കാൻ സാധിച്ചില്ല. നന്നായി വെയിലുകൊണ്ട് വന്നതിനാൽ ക്ഷീണം ഉണ്ടായിരുന്നു. ചെറുതായി ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി. അവിടെ കാഴ്ചകൾ കാണാൻ അടുത്ത് ഒന്നും ഇല്ലാത്തതിനാൽ മുറിയിൽ തന്നെ ഇരുന്നു. അത്താഴത്തിന് പുറത്ത് ഹോട്ടൽ അന്വേഷിച്ചപ്പോഴാണ് കുഴപ്പം മനസിലായത്. ഞങ്ങൾ താമസിക്കുന്നത് പ്രധാന വഴിയുടെ അരികിലാണെങ്കിലും അവിടെ വെളിച്ചവും ആൾപെരുമാറ്റവും വളരെ കുറവായിരുന്നു. അല്പദൂരം നടന്നിട്ടാണ് കുറച്ചു ഹോട്ടലുകൾ കണ്ടത്. അപ്പോൾ അടുത്ത പ്രശ്നം. അവിടെയുള്ളതെല്ലാം മദ്യശാലകളും ചേർന്നുള്ള ഹോട്ടലുകൾ ആയിരുന്നു. വെജിറ്റേറിയൻ ഹോട്ടൽ ഒന്നും തന്നെ കണ്ടില്ല. കണ്ടതിൽ ഭേദം എന്നുതോന്നിയ ഒരെണ്ണത്തിൽ കയറി അതേ വേഗതയിൽ തിരിച്ചിറങ്ങി. അത്ര അസഹനീയമായ ദുർഗന്ധം. തിരികെ റൂമിൽ പോയി അവിടത്തെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അധികം വിശപ്പില്ലാത്തതിനാൽ ലഖുഭക്ഷണത്തിൽ ഒതുക്കി.

Chandigarh - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Chandigarh
Chandigarh - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Chandigarh
Starting from Chandigarh - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Starting from Chandigarh

03-08-2022

ഇന്നത്തെ ലക്ഷ്യം അമൃതസർ ആണ്. അധികം ദൂരം ഇല്ലാത്തതിനാൽ പ്രഭാത ഭക്ഷണം കഴിഞ്ഞു യാത്ര തിരിച്ചു. ഉച്ചയോടു കൂടി അമൃതസറിൽ എത്തി. ഇവിടെയും ബുക്ക് ചെയ്തിരുന്ന ഹോട്ടലിന്റെ മുന്നിൽ വഴിയരികിൽ ബൈക്ക് പാർക്ക് ചെയ്യണമായിരുന്നു. ഇങ്ങനെ നിർത്തിയിടുന്ന വണ്ടികൾ സെക്യൂരിറ്റി ഒരു ചങ്ങലയും പൂട്ടും കൊണ്ട് പൂട്ടി ഇടുന്നതും കണ്ടു. അതു കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. മോഷണസാധ്യത ഉണ്ടെന്ന് ഊഹിച്ചു.

Hotel KK Continental, Amritsar - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Hotel KK Continental, Amritsar

സന്ധ്യ കഴിഞ്ഞപ്പോൾ പുറത്തേക്ക് ഇറങ്ങി. ദുർഗിയാന മന്ദിർ കൂടാതെ സുവർണ്ണ ക്ഷേത്രം എന്നിവയായിരുന്നു കാണാൻ പദ്ധതിയിട്ടത്. സുവർണ്ണക്ഷേത്രത്തിൽ രാത്രി പത്തുമണിക്കുശേഷം തിരക്ക് കുറവായിരിക്കും എന്നറിഞ്ഞതിനാൽ ആദ്യം ദുർഗിയാന മന്ദിർ സന്ദർശിക്കാൻ തീരുമാനിച്ചു. ഹോട്ടലിന്റെ പുറത്തുനിന്നും വൈദ്യുതിയിൽ ഓടുന്ന ടുക് ടുക് എന്ന വാഹനം ലഭിച്ചു. കണ്ടാൽ തുറന്ന ഒരു ഓട്ടോറിക്ഷ പോലെയുള്ള ഈ വാഹനം ഇവിടങ്ങളിൽ ധാരാളമുണ്ട്.

പഞ്ചാബിലെ അമൃതസറിൽ സ്ഥിതി ചെയ്യുന്ന ദുർഗിയാന ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം, ദുർഗ്ഗാ ക്ഷേത്രം, ശീതള ക്ഷേത്രം എന്നീ പേരുകളിലും അറിയപ്പെടുന്ന ഹിന്ദു ആരാധനാലയമാണ്. ഗുരുദ്വാരയുടേതിന് സമാനമായ വാസ്തുവിദ്യാ ശൈലി ലോകമെമ്പാടുമുള്ള ഭക്തരും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. രാത്രികാഴ്ചയുടെ ഒരു ഫോട്ടോ താരതമ്യം ചെയ്‌താൽ സുവർണ്ണക്ഷേത്രവും ഈ ക്ഷേത്രവും ഏകദേശം ഒരുപോലെയുണ്ടാവും. പ്രധാന ദേവതയായ ദുർഗ്ഗയുടെ പേരിൽനിന്നാണ് അമ്പലത്തിനു ഈ പേരു ലഭിച്ചത്. വിഷ്ണുവിനെയും ലക്ഷ്മിയെയും ഇവിടെ ആരാധിക്കുന്നുണ്ട്. എല്ലാ മതസ്ഥർക്കും വേണ്ടി തുറന്നിരിക്കുന്ന ഈ ക്ഷേത്രം സമാധാനപരവും സ്വാഗതാർഹവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നു. പ്രധാന ദേവതകൾക്ക് പുറമേ, മറ്റ് ദേവതകൾക്കും ദേവന്മാർക്കും സമർപ്പിച്ചിരിക്കുന്ന ആരാധനാലയങ്ങളും, മതപരമായ പുരാവസ്തുക്കളും ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറിയും മ്യൂസിയവും ക്ഷേത്രത്തിൽ ഉൾപ്പെടുന്നു. മതപരമായ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഉപയോഗിക്കുന്ന ഹോളി ടാങ്ക് എന്നറിയപ്പെടുന്ന ഒരു വലിയ കുളവും ക്ഷേത്രത്തിലുണ്ട്. ഈ കുളത്തിനു നടുവിലായാണ് പ്രധാന ക്ഷേത്രം.

Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir
Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir
Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir
Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir
Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir
Durgiana Mandir - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Durgiana Mandir

വളരെ സാവധാനം അവിടം മുഴുവൻ ചുറ്റിനടന്നു കണ്ടു. രാത്രിയിൽ ഇവിടം കാണുന്നതാണ് ഭംഗി. വൈദ്യുതവിളക്കുകളുടെ ശോഭ കുളത്തിൽ പ്രതിഫലിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. ഇതിനോടനുബന്ധിച്ച് ഒരു ഹനുമാന്റെ അമ്പലമുണ്ട്. ശ്രീരാമന്റെ അശ്വമേധയാഗത്തിലെ യാഗാശ്വത്തെ ലവകുശന്മാർ ബന്ധിക്കുകയും മോചിപ്പിക്കാൻ വന്ന ഹനുമാനെ അവർ ഒരു ആൽമരത്തിൽ കെട്ടിയിടുകയും ചെയ്തു. ഈ ആൽമരം അമ്പലത്തിനുള്ളിൽ കാണുവാൻ സാധിക്കും. ഒൻപതുമണിയോടുകൂടി സുവർണ്ണക്ഷേത്രത്തിലേക്കു പോകാനായി പുറത്തിറങ്ങി. ഇത്തവണയും ടുക് ടുക് തന്നെയായിരുന്നു വാഹനം.

അധികം താമസിയാതെ സുവർണ്ണക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നു. ക്ഷേത്രത്തിന്റെ തൊട്ടടുത്തേക്ക് വാഹനങ്ങൾ അനുവദിക്കില്ല. ചുറ്റുപാടും വലിയൊരു കച്ചവട സ്ഥലമായതിനാലാണിത്. വാഹനശല്യമില്ലാതെ സാധനങ്ങൾ മേടിക്കാൻ കഴിയുന്ന ഒരു വലിയെ തെരുവ്. പ്രധാനമായും സന്ദർശകരെ ലക്ഷ്യം വച്ചുള്ളതാണിതെല്ലാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാഴ്ചകൾ കണ്ട് പതുക്കെ ഞങ്ങൾ ക്ഷേത്രത്തിലേക്ക് നീങ്ങി. പോകുന്ന വഴിയുടെ മധ്യത്തിലായി മഹാരാജ രഞ്ജിത്ത് സിങ്ങിന്റെ ഒരു വലിയ പ്രതിമ കാണാം. അദ്ദേഹത്തെക്കുറിച്ചു ഒരു വിവരണം താഴെ കൊടുക്കുന്നു.

മഹാരാജ രഞ്ജിത്ത് സിംഗ്

“പഞ്ചാബിന്റെ സിംഹം” അല്ലെങ്കിൽ ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്ന രഞ്ജിത് സിംഗ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ സിഖ് സാമ്രാജ്യത്തിന്റെ ആദ്യത്തെ മഹാരാജാവായിരുന്നു. 1780 നവംബർ 13 ന് ജനിച്ച അദ്ദേഹം 1839 ജൂൺ 27 ന് അന്തരിച്ചു. ശൈശവാവസ്ഥയിൽ വസൂരിയെ അതിജീവിച്ചതിന് ശേഷം സിംഗിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 10 വയസ്സുള്ളപ്പോൾ, പിതാവിനൊപ്പം അദ്ദേഹം തന്റെ ആദ്യ യുദ്ധം ചെയ്തു. തന്റെ പിതാവിന്റെ മരണശേഷം, സിംഗ് തന്റെ കൗമാരകാലം അഫ്ഗാനികളെ പുറത്താക്കാൻ നിരവധി യുദ്ധങ്ങൾ നടത്തി, 21-ആം വയസ്സിൽ “പഞ്ചാബ് മഹാരാജാവ്” ആയി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പഞ്ചാബ് മേഖലയിൽ അദ്ദേഹത്തിന്റെ സാമ്രാജ്യം 1839 വരെ വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. രഞ്ജിത് സിംഗ് അധികാരത്തിലെത്തുന്നതിന് മുമ്പ്, പഞ്ചാബ് പ്രദേശം വിഭജിച്ച് നിയന്ത്രിച്ചത് മിസ്ലുകൾ എന്ന് വിളിക്കപ്പെടുന്ന വിവിധ കോൺഫെഡറസികളാണ്, അതിൽ 12 എണ്ണം സിഖുകാരും 1 മുസ്ലീമുമായിരുന്നു . തന്റെ ഭരണത്തിൻ കീഴിലുള്ള ഈ മിസ്ലുകളെ ഒന്നിപ്പിക്കാനും മറ്റ് പ്രാദേശിക രാജ്യങ്ങളെ കീഴടക്കി സിഖ് സാമ്രാജ്യം രൂപീകരിക്കാനും സിംഗിന് കഴിഞ്ഞു. പുറത്തുനിന്നുള്ള സൈന്യങ്ങളുടെ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങൾക്കെതിരെ തന്റെ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അദ്ദേഹം വിജയിച്ചു; കൂടാതെ ബ്രിട്ടീഷുകാരുമായി സൗഹൃദബന്ധം പുലർത്തുകയും ചെയ്തു. തന്റെ ഭരണകാലത്ത് രഞ്ജിത് സിംഗ് പരിഷ്കാരങ്ങൾ നടപ്പിലാക്കി, രാജ്യത്തെ നവീകരിച്ചു, അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തി, ഈ മേഖലയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സൈന്യം സർക്കാരും സിഖുകാരും ഹിന്ദുക്കളും മുസ്ലീങ്ങളും യൂറോപ്യന്മാരും ചേർന്നതായിരുന്നു. അമൃത്‌സറിലെ ഹർമന്ദിർ സാഹിബിന്റെയും ബീഹാറിലെ തഖ്ത് ശ്രീ പട്‌ന സാഹിബ്, മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേദ് തുടങ്ങിയ മറ്റ് പ്രധാന ഗുരുദ്വാരകളുടെയും പുനർനിർമ്മാണം ഉൾപ്പെടെ, സിഖുകാർക്കിടയിൽ സാംസ്‌കാരികവും കലാപരവുമായ നവോത്ഥാനം വളർത്തിയതിന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ ഖരക് സിംഗ് അധികാരമേറ്റു. 2020-ൽ ബിബിസി വേൾഡ് ഹിസ്റ്റോറീസ് മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ രഞ്ജിത് സിംഗ് “എക്കാലത്തെയും മികച്ച നേതാവ്” ആയി തിരഞ്ഞെടുക്കപ്പെട്ടു.

Maharaja Ranjith Singh - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Maharaja Ranjith Singh

അവിടെനിന്നും നോക്കിയാൽ സുവർണ്ണക്ഷേത്രത്തിന്റെ ഒരു ദൂരദൃശ്യം കാണുന്നുണ്ടായിരുന്നു. ഞങ്ങൾ സമയം കളയാതെ അവിടേക്കെത്തി. കൈയിലെ ബാഗും പിന്നെ ചെരിപ്പും അവിടത്തെ ഒരു സൂക്ഷിപ്പുകേന്ദ്രത്തിൽ ഏൽപ്പിച്ചു. അതിനുശേഷം ഞങ്ങൾ ഉള്ളിലേക്ക് കയറി. ദീപപ്രഭയിൽ മുങ്ങിയ സുവർണ്ണക്ഷേത്രത്തിന്റെ മനോഹരദൃശ്യം ഞങ്ങളുടെ കണ്ണുകളിലേക്കു എത്തി. ചുറ്റിനുമുള്ള കുളത്തിലെ പ്രതിഫലനം ആ കാഴ്ചയുടെ മാറ്റ് ഇരട്ടിയാക്കി. ചുറ്റിനടന്ന് ഞങ്ങൾ പ്രവേശനകവാടത്തിലെത്തി. സമയം 10 കഴിഞ്ഞിരുന്നെങ്കിലും മോശമല്ലാത്ത തിരക്ക് അവിടെ അനുഭവപ്പെട്ടു. ഏകദേശം 1,50,000 ഓളം വിശ്വാസികൾ ദിനവും ഇവിടെ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. ജാതിമതഭേദമന്യേ ഏവർക്കും പ്രവേശിക്കാവുന്നതാണ് ഈ ക്ഷേത്രം. എല്ലാവർക്കും വേണ്ടി പ്രസാദവിതരണവും പല ഭാഗങ്ങളിൽ നടക്കുന്നുണ്ടായിരുന്നു.

സുവർണ്ണ ക്ഷേത്രത്തെക്കുറിച്ച് ഒരു ചെറു വിവരണം

ഇന്ത്യയിലെ പഞ്ചാബിലെ അമൃത്‌സറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുരുദ്വാരയാണ് സുവർണ്ണ ക്ഷേത്രം, ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ ദർബാർ സാഹിബ് എന്നും അറിയപ്പെടുന്നു. ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂർ, ഗുരുദ്വാര ജനം ആസ്ഥാന് എന്നിവയ്‌ക്കൊപ്പം സിഖ് മതത്തിൽ വളരെ ആദരിക്കപ്പെടുന്ന ഒരു ആത്മീയ സ്ഥലമാണിത്. ഈ സ്ഥലത്തെ മനുഷ്യനിർമിത കുളം 1577-ൽ ഗുരു രാംദാസ് പൂർത്തിയാക്കി, 1604-ൽ ഗുരു അർജൻ ആദി ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് ക്ഷേത്രത്തിൽ സ്ഥാപിച്ചു. മുഗൾ, അഫ്ഗാൻ സൈന്യങ്ങളുടെ പീഡനങ്ങളും ആക്രമണങ്ങളും കാരണം ഗുരുദ്വാര പലതവണ നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ മഹാരാജ രഞ്ജിത് സിംഗ് 1809-ൽ മാർബിളിലും ചെമ്പിലും ക്ഷേത്രം പുനർനിർമ്മിക്കുകയും 1830-ൽ ശ്രീകോവിലിനെ സ്വർണ്ണ തകിടുകൾ കൊണ്ട് മൂടുകയും ചെയ്തു, ഇത് സുവർണ്ണ ക്ഷേത്രം എന്ന പേരിലേക്ക് നയിച്ചു.

Golden Temple - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Golden Temple

ചരിത്രപരമായ സിഖ് പാരമ്പര്യമനുസരിച്ച്, സുവർണ്ണ ക്ഷേത്രം എല്ലാ ദിവസവും ഗുരു ഗ്രന്ഥ സാഹിബിനെ ജീവിച്ചിരിക്കുന്ന വ്യക്തിയായി ആദരിക്കുന്ന നിരവധി ചടങ്ങുകൾ നടത്തുന്നു. ഈ ചടങ്ങുകളിൽ സുഖാസൻ എന്നറിയപ്പെടുന്ന സമാപന ചടങ്ങും പ്രകാശ് എന്നറിയപ്പെടുന്ന ഉദ്ഘാടന ചടങ്ങും ഉൾപ്പെടുന്നു. സമാപന ചടങ്ങിനിടെ, ഭക്തിനിർഭരമായ കീർത്തനങ്ങൾക്കും അർദങ്ങൾക്കും ശേഷം, ഗുരു ഗ്രന്ഥ സാഹിബ് അടച്ച് തലയിൽ ചുമന്ന് അകൽ തഖ്ത്തിലെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുന്നു, അവിടെ അത് ഒരു കട്ടിലിൽ വയ്ക്കുന്നു. പ്രാരംഭ ചടങ്ങിൽ ഗുരു ഗ്രന്ഥ് സാഹിബിനെ പുലർച്ചെ കിടപ്പുമുറിയിൽ നിന്ന് പുറത്തെടുത്ത് തലയിൽ ചുമന്ന് പൂക്കളാൽ അലങ്കരിച്ച പാൽക്കിയിൽ മന്ത്രോച്ചാരണവും കോസ്‌വേയിൽ വയ്ക്കുന്നതും ഉൾപ്പെടുന്നു. പിന്നീട് അത് സങ്കേതത്തിലേക്ക് കൊണ്ടുവരുന്നു, കൂടാതെ, വർ ആസ കീർത്തനങ്ങളുടെയും ഒരു ആർദസിന്റെയും ഒരു പരമ്പരയ്ക്ക് ശേഷം, ക്രമരഹിതമായ ഒരു പേജ് തുറക്കുകയും ഉച്ചത്തിൽ വായിക്കുകയും ചെയ്യുന്നു. ഇത് അന്നേദിവസം തീർത്ഥാടകർക്ക് വായിക്കാനായി അവിടെ എഴുതി പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

Golden Temple - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Golden Temple

ഉള്ളിൽ കയറി എല്ലാം കണ്ടു. പല നിലകളിലായി ഗ്രന്ഥവായനയിൽ ഏർപ്പെട്ട ആചാര്യന്മാരെയും കാണാനായി. ഉള്ളിലെ കാഴ്ചകൾക്കുശേഷം വീണ്ടും ക്ഷേത്രത്തിന്റെ സുവർണ്ണശോഭ നന്നായി ആസ്വദിക്കാൻ പുറത്തിറങ്ങി. ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ ഒന്നുരണ്ടെണ്ണം ക്ഷേത്രത്തിലേക്ക് കൈ ചൂണ്ടി എടുക്കുകയുണ്ടായി. അതുകണ്ട ഒരു ഭക്തൻ അങ്ങനെ ചെയ്യരുതെന്നും പകരം തൊഴുതുകൊണ്ട് ചിത്രങ്ങൾ പകർത്താനും അപേക്ഷിച്ചു. പിന്നീട് ഞങ്ങൾ അത് ശ്രദ്ധിച്ചു നീങ്ങി. അവിടെനിന്നും പുറത്തിറങ്ങി ഭക്ഷണവും കഴിച്ച് ടുക് ടുക് വിളിച്ച് ഹോട്ടലിലേക്ക് പുറപ്പെട്ടു. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പും ഇടക്ക് ഞങ്ങൾ നോക്കുന്നുണ്ടായിരുന്നു. ഇതുശ്രദ്ധിച്ച ഡ്രൈവർ ഞങ്ങളോട് ഫോൺ ബാഗിൽ വെക്കുവാൻ നിർദ്ദേശിച്ചു. ബൈക്കുകളിൽ വരുന്ന കള്ളന്മാർ ഫോൺ തട്ടിയെടുക്കുന്നത് അവിടെ പതിവാണെന്ന് പറഞ്ഞു. അപ്പോൾ പോലീസ് ഒന്നും ചെയ്യില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് അവർക്കു ഇതിലൊന്നും താല്പര്യമില്ല എന്നായിരുന്നു മറുപടി. എന്തായാലും സുരക്ഷിതരായി ഹോട്ടലിൽ എത്തി.

ജാലിയൻ വാലാബാഗും വാഗാ-അട്ടാരി അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങും ആണ് നാളത്തെ പരിപാടികൾ. അതിനാൽ അധികം സമയം കളയാതെ ഉറക്കത്തിലേക്കു വീണു.

(തുടരും…)

Read in English

You might also enjoy: