Read in English

അഞ്ചാം തീയതി രാവിലെ തന്നെ ജമ്മുവിലേക്ക് തിരിച്ചു. പ്രബീൻ അപ്പോഴേക്കും തയാറാവാത്തതിനാൽ ഞങ്ങൾ യാത്ര തുടർന്നു. രാവിലത്തെ ഭക്ഷണം വഴിയരികിലെ ഒരു ധാബയിൽനിന്നും കഴിച്ചു. ഉച്ചയോടുകൂടി ഖത്ര എന്ന സ്ഥലത്ത് ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തി. ബൈക്ക് അല്പം ദൂരെയുള്ള അവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ ചെയ്യണമായിരുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം ഭക്ഷണത്തിനും അല്പം മരുന്നുകൾ മേടിക്കുന്നതിനുമായി പുറത്തേക്കിറങ്ങി. വളരെയധികം dry fruits കിട്ടുന്ന ഒരിടമാണ് ഖത്ര. ഞങ്ങളും കുറച്ച് മേടിച്ചു. എപ്പോഴെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുവന്നാൽ ഇതുകൊണ്ട് വിശപ്പടക്കാമല്ലോ. അത്യാവശ്യം വേണ്ടിവരാൻ സാധ്യതയുള്ള മരുന്നുകളും മേടിച്ചു (AMS ന് Diamox, കൂടാതെ പനി, വയറിനുള്ള പ്രശ്നങ്ങൾ എന്നിവക്കുള്ള മരുന്നുകളും ).

Delhi-Leh-Delhi-Starting from Amritsar
Delhi-Leh-Delhi-Starting from Amritsar

അൽപനേരം കഴിഞ്ഞപ്പോൾ പ്രബീണും എത്തി. തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലിൽ മുറി എടുത്തു. വൈകുന്നേരം ആയപ്പോൾ എനിക്ക് വയറിന് അസ്വസ്ഥത തോന്നി. അല്പനേരത്തിനുള്ളിൽ നല്ല തോതിൽ ശർദിൽ തുടങ്ങി. അന്ന് കഴിച്ച ഭക്ഷണം എല്ലാം പുറത്തുപോയി. അപ്പോൾ ഒരു സമാധാനം ആയി. രാവിലത്തെ ഭക്ഷണത്തിന്റെ പ്രശ്നം. ദിവ്യക്കു ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടായില്ല. രാത്രിയിൽ കുറേനേരം പ്രബീണിന്റെ കൂടെ സംസാരിച്ചിരുന്നതിനുശേഷം ഉറങ്ങാനായി പോയി. രാവിലെ നേരത്തെ തന്നെ തയാറായി. അപ്പോഴേക്കും ദിവ്യക്കും വയറിന് അസ്വസ്ഥതകൾ തുടങ്ങി. കഴിഞ്ഞ ദിവസത്തെ ഭക്ഷണം മുഴുവൻ പുറത്തേക്കു പോയി. വയറിന്റെ പ്രശ്നങ്ങൾ അപ്പോഴേക്കും മാറിയതിനാൽ ഞങ്ങളും പ്രബീണും യാത്ര തുടങ്ങി.

Delhi-Leh-Delhi- En Route to Srinagar
Delhi-Leh-Delhi- En Route to Srinagar

ഈ യാത്ര ഇവിടുത്തെ മഴക്കാലത്ത് ആയതിനാൽ തന്നെ എന്നും ഈ വഴികളുടെ സഞ്ചാര യോഗ്യത ഇൻറർനെറ്റിൽ പരതാറുണ്ടായിരുന്നു. ഇന്ന് നമ്മൾ പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായിരുന്നു. പക്ഷെ BRO(Border Road Organisation) ഉടനെ തന്നെ തടസങ്ങൾ എല്ലാം മാറ്റി വഴി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടായിരുന്നു. എന്നാലും വഴിയുടെ അവസ്ഥയെപ്പറ്റി ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ പല ഗ്രൂപ്പുകളിലും ഈ വഴിയുടെ നിലവിലെ അവസ്ഥ വിവരിച്ച് ദിനവും എഴുത്തുകളും വിഡിയോകളും കാണാറും ഉണ്ടായിരുന്നു. എന്തായാലും രാവിലെ 6:30 ഓടുകൂടി ഞങ്ങൾ മൂന്നുപേരും യാത്ര തിരിച്ചു.

അല്പം കഴിഞ്ഞതോടുകൂടി ഭൂപ്രകൃതി മാറിത്തുടങ്ങി. ഞങ്ങളുടെ യാത്ര മലകളുടെ വശങ്ങളിൽകൂടി ആയിത്തുടങ്ങി. ഇരുവശവും പച്ചപ്പുനിറഞ്ഞ മലനിരകളും ഇടയിലൂടെ ഞങ്ങളുടെ വഴിയും. നയനാനന്ദകരമായ കാഴ്ചകളായിരുന്നു പിന്നീട്. മലകളുടെ സൗന്ദര്യം എങ്ങനെ വിവരിച്ചാലും മതിയാവില്ല. വഴിയിൽ പലയിടത്തും കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ബാക്കിയായി അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വാഹനഗതാഗതത്തിന് അതൊരു തടസ്സമായില്ല. കുറേ ദൂരം കഴിഞ്ഞപ്പോൾ ഒരു തുരങ്കമുഖത്ത് എത്തിച്ചേർന്നു. Dr. ശ്യാമപ്രസാദ് മുഖർജി തുരങ്കം(Dr. Syama Prasad Mookerjee Tunnel) എന്ന് പേരുള്ള ഇതിന്റെ പഴയ പേര് ചെനാനി-നശ്രീ തുരങ്കം(Chenani-Nashri Tunnel) എന്നായിരുന്നു. ഓടിച്ചിട്ടും ഓടിച്ചിട്ടും പുറത്ത് എത്താതിരുന്നപ്പോളാണ് ഈ തുരങ്കത്തിന്റെ നീളം ഒന്ന് നോക്കിയത്. 9.028 കിലോമീറ്റർ നീളം. ഉള്ളിലൂടെ വളരെ പതുക്കെ വാഹനങ്ങൾ പോകുന്നതിനാൽ പുറത്ത് ഇറങ്ങാൻ അല്പം സമയം എടുത്തു. കൂടാതെ ഉള്ളിൽ അത്ര നല്ലരീതിയിലുള്ള വായുസഞ്ചാരം ഇല്ല എന്നുവേണം കരുതാൻ. കാരണം യാത്രയിൽ മുഴുവൻ തന്നെ പുക ശ്വസിക്കുന്ന ഒരു അനുഭവം ആയിരുന്നു. ഉള്ളിലെ പുക പൂർണ്ണമായി പുറത്തേക്ക് പോകുന്നില്ലായിരുന്നു.

പുറത്ത് ഇറങ്ങിയതിനുശേഷം അൽപനേരം ഞങ്ങൾ രണ്ടുവണ്ടികളും നിർത്തി ഒന്ന് വിശ്രമിച്ചു. കുറച്ചു വെള്ളവും കുടിച്ചു. പിന്നീട് തുടർന്ന യാത്രയിൽ അല്പസമയത്തിനുശേഷം വഴിതടസ്സം നേരിട്ടു. വാഹനങ്ങൾ എല്ലാം നിർത്തിയിട്ടിരിക്കുകയായിരുന്നു. പ്രബീൺ നല്ല രീതിയിൽ ഹിന്ദി സംസാരിക്കും. അവൻ ഉടൻതന്നെ അടുത്തുകണ്ട പട്ടാളക്കാരനോട് ഈ ബ്ലോക്കിന്റെ കാരണം അന്വേഷിച്ചു. അല്പം മുന്നിൽ മല ഇടിച്ചിൽ ഉണ്ടെന്നും വഴി തുറക്കാൻ അല്പം സമയം എടുക്കും എന്ന് ആ ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങൾ ബൈക്കിൽ ആയതിനാൽ മറ്റൊരു വഴി അദ്ദേഹം പറഞ്ഞുതന്നു. അല്പം പുറകിലേക്ക് പോയാൽ ഈ വഴിക്കു സമാന്തരമായി മറ്റൊരു വഴി കിട്ടും. അതിലെ പോയാൽ ബ്ലോക്ക് ഉണ്ടായതിന്റെ അപ്പുറത്തു ചെന്ന് കയറാൻ സാധിക്കും. അങ്ങനെ ഞങ്ങൾ ആ വഴിയിലേക്ക് പോയി. ഇരുചക്രവാഹനങ്ങൾക്ക് മാത്രം ഉചിതമായിരുന്നു ആ വഴി. കാരണം മനസിലാക്കി തന്നത് അടുത്തുതന്നെ കടന്ന ഒരു പാലമാണ്. ഇരുമ്പു ഫ്രെമിൽ തടിപ്പലകകൾ പാകിയ ഒരു പാലം. ഒരുസമയം ഒരു വാഹനമേകടക്കുവാൻ പാടുള്ളു എന്നും പോകുന്നവർ സ്വന്തം റിസ്കിൽ പോകണം എന്നും അവിടെ എഴുതി വെച്ചിരുന്നു. നല്ലരീതിയിൽ പേടിച്ചുതന്നെയാണ് അത് കടന്നത്. പലകകൾ പലതും ഇളകിയ നിലയിൽ ആയിരുന്നു.

അല്പസമയത്തിനുശേഷം മല ഇടിഞ്ഞതിനു കുറച്ചപ്പുറത്തായി ഞങ്ങൾ എത്തിപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മലയിടിച്ചിലിൽ മണ്ണിനടിയിലായ ഒരു ജെസിബിയും കണ്ടു വഴിയരികിൽ. മലകളിലൂടെയുള്ള യാത്രയിൽ ഏറ്റവും ബുദ്ധിമുട്ട് സ്ത്രീകൾക്ക് ആയിരിക്കും. പ്രാഥമിക കാര്യങ്ങൾക്ക് നല്ല ഒരിടം എന്നത് പലപ്പോഴും ലഭിക്കാറില്ല. പക്ഷെ ഇവിടെ അല്പം ദൂരത്തിന്റെ ഇടക്ക് NHAI(National Highway Authority of India) യുടെ The Highway Nest (Mini) എന്ന പ്രോജക്ടിന്റെ ഭാഗമായ കെട്ടിടങ്ങൾ കാണാമായിരുന്നു. നല്ല വൃത്തിയുള്ള bath room നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കും. അതിനാൽത്തന്നെ ഈ വഴിയിൽ സ്ത്രീകൾക്ക് പ്രത്യേകിച്ചും യാതൊരു ടെൻഷന്റെയും ആവശ്യമില്ല. അങ്ങനെ മനോഹരവും അല്പം സാഹസികവുമായ യാത്രക്കൊടുവിൽ ശ്രീനഗർ പട്ടണത്തിൽ എത്തി. പലയിടത്തും പലതരം പഴങ്ങൾ വില്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. വയറിന് പ്രശ്നം വന്നതുകാരണം ഭക്ഷണം കഴിക്കാൻ തോന്നുന്നില്ലായിരുന്നു. പക്ഷെ ഈ പഴങ്ങൾ കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേർക്കും കഴിക്കാൻ തോന്നി. അങ്ങനെ കുറച്ചു പഴങ്ങൾ മേടിച്ച് ഞങ്ങൾ ബുക്ക് ചെയ്തിരുന്ന വഞ്ചിവീട്ടിലേക്ക്(House Boat) പോയി. പ്രബീൺ മറ്റെവിടെയെങ്കിലും താമസം നോക്കുവാനായി പോയി.

Delhi-Leh-Delhi- House boat at Nigeen Lake
Delhi-Leh-Delhi- House boat at Nigeen Lake

ശ്രീനഗറിൽ പോകുന്ന പലരും ദാൽ തടാകത്തിലെ വഞ്ചിവീടുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അവിടെ നല്ല തിരക്ക് ഉള്ളതിനാലും ഞങ്ങൾക്ക് തിരക്ക് ഇഷ്ടമല്ലാതിനാലും ദിവ്യയുടെ സുഹൃത്ത് പറഞ്ഞതനുസരിച്ച് ദാൽ തടാകത്തിന് അല്പം മാറി നിഗീൻ എന്ന തടാകത്തിലാണ് ഈ വഞ്ചിവീട് ബുക്ക് ചെയ്തത്. അവിടെ എത്തിയപ്പോൾ ആ തീരുമാനം തെറ്റായില്ല എന്ന് തോന്നി. ഒട്ടുംതന്നെ തിരക്കില്ലാത്ത ഒരിടം. സമാധാനപരമായി തടാകത്തിന്റെ ആസ്വദിക്കാൻ പറ്റിയ ഒരിടം. ഉച്ചഭക്ഷണം പഴങ്ങൾ മാത്രമാക്കി. വയറൊന്ന് ശരിയായപോലെ തോന്നി. അല്പംനേരം വിശ്രമത്തിനുശേഷം തടാകം ചുറ്റിക്കറങ്ങാൻ ഷിക്കാരാ എന്ന വള്ളം ഈ വഞ്ചിവീടിന്റെ നോട്ടക്കാരനായ ചേട്ടൻ ഏർപ്പാടാക്കി തന്നു. അസ്തമയത്തിൽ തടാകത്തിന്റെ ദൃശ്യം മനോഹരമായിരിക്കും എന്ന് തോന്നിയത് കാരണം അഞ്ചുമണിക്കുശേഷമാണ് കറങ്ങാൻ ഇറങ്ങിയത്. വഞ്ചിവീട്ടിൽനിന്നും നേരെ ഷിക്കാരയിലേക്ക് കയറാം. ഈ വഞ്ചിവീടുകളിലും ഷിക്കാരകളിലും ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല. കാരണം ഇവയുടെ തറകളും ഇരിപ്പിടങ്ങളും ഇവർ വളരെ നന്നായി പരിപാലിക്കുന്നവയാണ്.

Delhi-Leh-Delhi- Shikara on Nigeen Lake
Delhi-Leh-Delhi- Shikara on Nigeen Lake
Delhi-Leh-Delhi- Shikara on Nigeen Lake
Delhi-Leh-Delhi- Shikara on Nigeen Lake
Delhi-Leh-Delhi- House Boat on Nigeen Lake
Delhi-Leh-Delhi- House Boat on Nigeen Lake

അസ്തമയത്തോടടുത്തപ്പോൾ നിഗീൻ തടാകത്തിന്റെ സൗന്ദര്യം വളരെ മനോഹരമായിരുന്നു. ഒട്ടും തന്നെ തിരക്കില്ലാത്ത ഓളങ്ങൾ ഇല്ലാത്ത തടാകം. ദാൽ തടാകത്തിലെ പോലെ കച്ചവടക്കാരുടെ ശല്യവും ഇല്ല. ചിലപ്പോൾ ഭാവിയിൽ ഇവിടെയും തിരക്ക് വരുമായിരിക്കും. പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തടാകത്തിന്റെ ഒരുവശത്ത് താമര വളർന്നുനിൽക്കുന്ന ഒരിടമുണ്ട്. ജലോപരിതലം മുഴുവനും താമരയിലകളും ഇടയിലൂടെ താമരമൊട്ടുകളും പുഷ്പങ്ങളും. ഈ പൊയ്കയെ തടാകത്തിൽനിന്നും വേർതിരിക്കുന്ന ഒരു മൺതിട്ടയുണ്ട്. വയലുകളിലെ വരമ്പുപോലെ. അതിൽ നിറയെ പലയിനം തദ്ദേശീയ ചെടികളും അവയിൽ പൂക്കളുമായി നിറഞ്ഞു നിന്നിരുന്നു. താമരത്തോട്ടവും ഈ പുഷ്പങ്ങളും കൂടെ നല്ലൊരു ദൃശ്യം സമ്മാനിച്ചു. താടാകത്തിന്റെ കരകളിൽ പല ഭാഗങ്ങളിലായി വഞ്ചിവീടുകൾ ഉണ്ടായിരുന്നു. അസ്തമയത്തോടടുത്തപ്പോൾ ആകാശത്തു വർണ്ണ പ്രപഞ്ചം വിരിഞ്ഞു. നീലാകാശം പതുക്കെ മഞ്ഞയും ഓറഞ്ചും ചുമപ്പുമായി മാറുവാൻ തുടങ്ങി. ആ നിറങ്ങളെല്ലാം തടാകത്തിലും പ്രതിഫലിച്ചു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരു ദൃശ്യം.

Delhi-Leh-Delhi- Nigeen Lake
Delhi-Leh-Delhi- Nigeen Lake
Delhi-Leh-Delhi- Nigeen Lake
Delhi-Leh-Delhi- Nigeen Lake
Delhi-Leh-Delhi- Nigeen Lake Sunset
Delhi-Leh-Delhi- Nigeen Lake Sunset
Delhi-Leh-Delhi- Nigeen Lake Sunset
Delhi-Leh-Delhi- Nigeen Lake Sunset

ഇരുട്ടായി തുടങ്ങിയപ്പോൾ തിരികെ വഞ്ചിവീട്ടിലേക്കു പോയി. അപ്പോൾ രണ്ട് തുണിക്കച്ചവടക്കാർ വന്നു. രണ്ടുപേരും രണ്ടിനം വസ്ത്രങ്ങൾ ആയിരുന്നു വില്പനക്ക് വെച്ചിരുന്നത്. അവരോട് വഞ്ചിവീട്ടിലേക്ക് വരുവാൻ പറഞ്ഞു. അപ്പോഴേക്കും മറ്റൊരു കുടുംബവും അവിടെ താമസത്തിന് എത്തിയിരുന്നു. അവരും മലയാളികൾ. കച്ചവടക്കാർ വന്നപ്പോൾ ഞങ്ങൾ ആദ്യം ഞങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞു. ഞങ്ങളുടെ യാത്ര ബൈക്കിലാണ്, അതിനാൽ തന്നെ ഈ മേടിക്കുന്ന സാധനങ്ങൾ കൊണ്ടുപോകാൻ സ്ഥലമില്ല. അവരുടെ കൈയിൽ അതിനുള്ള പരിഹാരമുണ്ടായിരുന്നു. അഡ്രസ് കൊടുത്താൽ എവിടെയാണെങ്കിലും അയക്കാം എന്നുപറഞ്ഞു. പിന്നെ കുറച്ചു തുണിത്തരങ്ങളും മറ്റും മേടിച്ചു. നാട്ടിലെ അഡ്രസ്സും പകുതി പണവും കൊടുത്തു. അതും UPI പേയ്മെന്റ് വഴി. ബാക്കി പണം സാധനം നാട്ടിൽ എത്തിയിട്ട് കൊടുത്താൽ മതി എന്നവർ പറഞ്ഞു. ഈ സാധനങ്ങൾ എല്ലാം ഒരാഴ്ചക്കുള്ളിൽ നാട്ടിൽ എത്തുകയും ഞങ്ങൾ ബാക്കി പണംകൂടി അയച്ചുകൊടുക്കുകയും ഉണ്ടായി.

അത്താഴശേഷം അധികം താമസിയാതെ ഉറങ്ങുവാൻ കിടന്നു. അടുത്ത ദിവസം രാവിലെ 11 മണിക്കാണ് ബോട്ടിലെ വാസം അവസാനിക്കുന്നത്. ഭക്ഷണശേഷം അവിടുത്തെ സൂക്ഷിപ്പുകാരൻ ഞങ്ങളോട് അധികം താമസിക്കാതെ ഇറങ്ങുവാൻ പറഞ്ഞു. അന്ന് മുഹറം ആണ്. അതിനാൽ പോലീസും പട്ടാളവും വഴികൾ അടക്കും, അതിനാൽ യാത്രക്ക് ബുദ്ധിമുട്ടുണ്ടാവാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു. ഞങ്ങൾ അതിനാൽ നേരത്തെ ഇറങ്ങി.

Delhi-Leh-Delhi- Nigeen Lake House Boat Interior
Delhi-Leh-Delhi- Nigeen Lake House Boat Interior
Delhi-Leh-Delhi- Nigeen Lake House Boat Entrance
Delhi-Leh-Delhi- Nigeen Lake House Boat Entrance

വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് അദ്ദേഹം പറഞ്ഞതിന്റെ അർദ്ധം മുഴുവനായി മനസിലായത്. ഓരോ കവലയിലും മുള്ളുകമ്പിച്ചുരുൾ വെച്ച് വഴി അടച്ചിരിക്കുന്നു. നടന്നുപോകുവാൻ തന്നെ കഷ്ടപ്പാടാണ്. അതുകൂടാതെ വലിയ ലാത്തികളുമായി പോലീസുകാരും തോക്കുകളുടെ പട്ടാളവും. തദ്ദേശീയർ പലരും ഈ വഴി മറികടക്കാൻ ശ്രമിക്കുന്നതും ലാത്തിയാൽ അടി മേടിക്കുന്നതും ഇടയിൽ കണ്ടു. അപ്പോൾ ഭയമായി. ഞങ്ങളുടെ ഹോട്ടലിലേക്ക് വെറും 4 കിലോമീറ്റർ മാത്രമാണുള്ളത്. കേരളത്തിൽനിന്നും വരുന്നതാണ് എന്നൊന്നും പറഞ്ഞിട്ട് ഇവർ വഴി തുറക്കുന്നില്ല. പിന്നീട് ചില പോലീസുകാരുടെ സഹായത്തോടെയും വളരെയധികം സംസാരിച്ചും അപേക്ഷിച്ചും ഒന്നേമുക്കാൽ മണിക്കൂറിനുശേഷം ഞങ്ങൾ ഹോട്ടലിലെത്തി. അന്നിനി പുറത്തിറങ്ങരുതെന്ന് പോലീസും പട്ടാളവും പറഞ്ഞിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഉറങ്ങി സമയം കഴിച്ചു.

Delhi-Leh-Delhi- Srinagar Hotel
Delhi-Leh-Delhi- Srinagar Hotel

സന്ധ്യ കഴിഞ്ഞപ്പോൾ ഈ അവസ്ഥ മാറി. അതിനാൽ ദാൽ തടാകം കാണുവാൻ തിരിച്ചു. ദിവ്യയുടെ കുറച്ചു സുഹൃത്തുക്കളെ അവിടുന്ന് പരിചയപ്പെട്ടു. ട്രെക്കിങ്ങിന് വന്നവരായിരുന്നു. അവരും രാവിലെ അല്പം കഷ്ടപ്പെട്ടു. പക്ഷെ പ്രബീൺ വളരെ നേരത്തെ ഇറങ്ങി ലേയിലേക്കു പോയി. അതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല. കുറച്ചു മലയാളികളെയും അവിടുന്ന് കണ്ടു. അടുത്ത ദിവസം കാർഗിലിലേക്കു തിരിക്കാൻ ഉള്ളതിനാൽ ലളിതമായി അത്താഴം കഴിച്ചു ഉറങ്ങുവാൻ കിടന്നു.

From Amritsar to Srinagar
Nigeen lake

(തുടരും…)

Read in English

You might also enjoy: