Read in English

ദൂരയാത്രകളിൽ പലരും ചെയ്യുന്നതാണ് ബൈക്കിനെ പാർസൽ ചെയ്യുന്നത്. യാത്രകളിൽ ദിവസം ലാഭിക്കാനും ചെലവ് കുറക്കാനും ഇത് വളരെയധികം സഹായിക്കും. ആദ്യമായി പോകുമ്പോൾ പലർക്കും ഇതെങ്ങനെ ചെയ്യും എന്ന അറിവില്ലായ്മയോ അങ്കലാപ്പോ ഒക്കെ ഉണ്ടാവാം. ഞങ്ങളും ആദ്യം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ ട്രെയിൻ ബുക്ക് ചെയ്തതിനു ശേഷം ആദ്യം ചെയ്തത് റെയിൽവേ സ്റ്റേഷനിൽ പോയി പാർസൽ കൈകാര്യം ചെയ്യുന്ന ആളെ കാണുക എന്നതായിരുന്നു. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ സെൽവം എന്ന ആളാണ് ഇതെല്ലാം ചെയ്യുന്നത് . വിശദമായി തന്നെ ആൾ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. റെയിൽവേ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത് ട്രെയിൻ പുറപ്പെടുന്നതിനു 2 മണിക്കൂർ മുൻപ് ചെന്ന് അയക്കാൻ ഉള്ള കാര്യങ്ങൾ ചെയ്‌താൽ മതി എന്നാണ്. പക്ഷെ നേരിട്ട് അന്വേഷിച്ചപ്പോൾ പറഞ്ഞത് രാവിലെ 7 മണിക്കെങ്കിലും ചെന്ന് ബുക്കിംഗ്, പാക്കിങ് മുതലായവ ചെയ്തു വെക്കണം, അതിനു ശേഷം ട്രെയിൻ പോകാറാകുമ്പോൾ ചെന്നാൽ മതി എന്നാണ്. കാരണം, കൂടുതൽ പാർസൽ അന്നേ ദിവസം വരുമെങ്കിൽ നേരത്തെ ചെല്ലുന്നതു നമ്മുടെ പാർസൽ ആദ്യം അയക്കാൻ സഹായിക്കും.

Leh Bike Trip - Dominar 400
Leh Bike Trip – Dominar 400

രണ്ടു തരത്തിൽ നമുക്ക് സാധനങ്ങൾ അയക്കാൻ കഴിയും.

  1. ലഗേജ്

ഇത്തരത്തിൽ അയക്കുമ്പോൾ നമ്മുടെ ബുക്കിംഗ് PNR നമ്പർ ഉം ആയി അയക്കേണ്ട സാധനം ലിങ്ക് ചെയ്യും. നമ്മൾ പോകുന്ന ട്രെയിനിൽ തന്നെ അയക്കേണ്ട സാധനം കയറ്റി വിടുകയും ചെയ്യും. നമ്മൾ ഉം സാധനവും ഒരേ സമയം എത്തേണ്ട സ്ഥലത്തു എത്തും. അല്പം പണം കൂടുതൽ അടക്കേണ്ടി വരുമെങ്കിലും എളുപ്പവും ബുദ്ധിമുട്ടു കുറഞ്ഞതുമായ വഴിയാണിത്. ബൈക്ക് പോലെ വലിയ സാധനങ്ങൾ അയക്കുമ്പോൾ സൂക്ഷിക്കേണ്ടതായി കുറച്ചു കാര്യങ്ങൾ ഉണ്ട്.

  • നമുക്ക് കയറേണ്ട സ്റ്റേഷനിൽ നിന്നും ആരംഭിക്കുകയും ഇറങ്ങേണ്ട സ്റ്റേഷനിൽ അവസാനിക്കുന്നതുമായ ട്രെയിൻ തന്നെ തിരഞ്ഞെടുക്കാൻ പരമാവധി ശ്രദ്ധിക്കുക. വലിയ സാധനങ്ങൾ ആകുമ്പോൾ അത് ട്രെയിനിൽ കയറ്റാനും ഇറക്കാനും സമയം ആവശ്യമായി വരും. ഇടയിൽ ഉള്ള സ്റ്റേഷനുകളിൽ അധികസമയം ട്രെയിൻ നിർത്തി ഇടില്ല. അതിനാൽ തന്നെ സമയം കിട്ടിയില്ലെങ്കിൽ സാധനം അയക്കാൻ സാധിക്കില്ല. അപ്പോൾ അടുത്ത ട്രെയിനിലോ മറ്റോ ആയി അയക്കേണ്ടതായി വരും.
  • കഴിയുമെങ്കിൽ പാർസൽ അയക്കുന്ന ആളുമായി നേരത്തെ ഒരു പരിചയം സ്ഥാപിക്കുക. വണ്ടിയെ വലിയ പരിക്കുകൾ കൂടാതെ നന്നായി പൊതിഞ്ഞു അയക്കാൻ അത് സഹായിക്കും.
  • വണ്ടിയിൽ നിന്നും പെട്രോൾ മുഴുവൻ മാറ്റി ടാങ്കിന്റെ അകവശം തുടച്ചു വൃത്തി ആക്കിയാണ് ട്രെയിനിൽ അയക്കുന്നത്. ഇത് ചെയ്യുമ്പോൾ കൂടെ നിന്ന് നന്നായി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുമെങ്കിൽ ടാങ്കിൽ ഉള്ള പെട്രോൾ സൂക്ഷിക്കാൻ ഒരു കുപ്പിയോ മറ്റോ കരുതുക. നമ്മുടെ മറ്റേതെങ്കിലും വണ്ടിയിൽ ഒഴിക്കാം. ഒരു കാരണവശാലും ഈ പെട്രോൾ ട്രെയിനിൽ കൂടെ കൊണ്ടുപോകാൻ ശ്രമിക്കരുത്. പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണിത്.
  • വണ്ടി പൊതിഞ്ഞതിന്റെയും പാർസൽ ചെയ്തു ട്രെയിനിൽ കെട്ടിയതിന്റെയും ഫോട്ടോസ് എടുത്തു വെക്കുക.
  • വണ്ടിയുടെ ഫൈബർ ഭാഗങ്ങൾ എല്ലാം നന്നായി പൊതിഞ്ഞെന്നു ഉറപ്പു വരുത്തുക.
  • വണ്ടിയുടെ മുകളിലായി മറ്റൊന്നും വെച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക.
  • പാർസൽ ഫീസ് അടച്ചതിനു ശേഷം കിട്ടുന്ന രസീത് സൂക്ഷിച്ചു വെക്കുക. അത് കാണിച്ചിട്ട് വേണം എത്തുന്ന സ്റ്റേഷനിൽ നിന്നും ഇത് കൈപ്പറ്റേണ്ടത്. കളഞ്ഞു പോയാൽ അത് പിന്നെ വളരെ അധികം ബുദ്ധിമുട്ടാകും.

2. പാർസൽ

പാർസൽ ആയി അയക്കുമ്പോൾ ഏതെങ്കിലും ടൈമിൽ ആവും ഈ സാധനങ്ങൾ എത്തേണ്ടയിടത്തു എത്തുക. PNR നമ്പർ വേണം എന്ന് നിർബന്ധമില്ല. പക്ഷെ ഇത്തരത്തിൽ അയക്കുമ്പോൾ നമ്മൾ എത്തുമ്പോൾ തന്നെ സാധനം കൂടെ എത്താൻ സാധ്യതയില്ല. അല്പം താമസിച്ചാവും എത്തുക. ലഗേജ് അയക്കുമ്പോൾ ചെയ്യുന്ന പരിശോധനകൾ എല്ലാം തന്നെ ഇവിടെയും ചെയ്യുന്നത് നന്നാവും. ലഗേജ് ആയി അയക്കുന്നതിലും ചെലവ് കുറഞ്ഞ രീതിയിൽ സാധനങ്ങൾ എത്തിക്കാൻ കഴിയും.

Leh Bike Trip - Dominar 400 packed
Leh Bike Trip – Dominar 400 packed

ബൈക്ക് അയക്കുമ്പോൾ ഫീസ് നിർണയിക്കുന്നത് ബൈക്കിന്റെ എൻജിൻ പവർ അനുസരിച്ചാണ്. പവർ കുറഞ്ഞവക്കു കുറഞ്ഞ ഫീസും പവർ കൂടുന്നതനുസരിച്ചു കൂടിയ ഫീസും ഈടാക്കുന്നതാണ്.

താഴെ കൊടുത്ത ലിങ്കുകളിൽ ഫീസ് വിവരങ്ങൾ വിശദമായി അറിയാൻ സാധിക്കും.

https://parcel.indianrail.gov.in/parcel_2wheeler.jsp#:~:text=Steps%20to%20book%20two%20wheeler%20as%20Parcel&text=Two%20wheeler%20needs%20to%20be,train%20along%20with%20the%20vehicle.&text=Bring%20Xerox%20copy%20to%20the,and%20a%20Government%20ID%20proof.&text=Two%20wheeler%20needs%20to%20be%20packed%20properly%20before%20booking.

https://www.irctchelp.in/bike-parcel-in-train-charges/

രണ്ടു തവണ പണം അടക്കേണ്ടതായി വരും. പാർസൽ ചാർജും ബൈക്ക് കവർ ചെയ്യാൻ ഉള്ള ചാർജും. പാർസൽ ചാർജിനു ബിൽ ലഭിക്കും. ബൈക്ക് കവർ ചെയ്യുന്നതിനുള്ള ചാർജ് ഓരോ സ്റ്റേഷൻ ഉം അവിടുത്തെ ആൾക്കാരും അനുസരിച്ചു മാറും. അതിനു ബിൽ ലഭിക്കാൻ സാധ്യത ഇല്ല. അല്പം കൂടുതൽ എന്തെങ്കിലും കൊടുത്താൽ നന്നായി പാക്ക് ചെയ്തു കയറ്റി അയച്ചു തരും.

ബിൽ ചെയ്തു കഴിഞ്ഞാൽ ബില്ലിൽ നിന്നും ട്രാക്കിംഗ് നമ്പർ ലഭിക്കും. അതുപയോഗിച്ചു റെയിൽവേയുടെ തന്നെ വെബ്‌സൈറ്റിൽ ട്രാക്ക് ചെയ്യാനും സാധിക്കും.

രണ്ടു രീതിയിലും സാധനം 6 മണിക്കൂർ വരെ സ്റ്റേഷനിൽ തന്നെ സൗജന്യമായി സൂക്ഷിക്കും. അതിനു ശേഷം ഓരോ മണിക്കൂറിനും ഒരു തുക ഫീസ് ആയി ഈടാക്കുന്നതായിരിക്കും. സ്റ്റേഷനിൽ സാധനം കയറ്റുമ്പോഴും ഇറക്കുമ്പോഴും കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ മെസ്സേജ് വരും. ഇറക്കി എന്ന മെസ്സേജ് വന്നതിനു ശേഷം പോയി സാധനം കൈപ്പറ്റാൻ സാധിക്കും.

ഞങ്ങൾ പോയപ്പോൾ ലഗേജ് ആയിട്ടാണ് ബൈക്ക് അയച്ചത്. ബുദ്ധിമുട്ടുകളില്ലാതെ തന്നെ എല്ലാം നടന്നു. ദൂരയാത്രകൾ ബൈക്കിൽ പോകുന്നവർക്ക് ഈ ഒരു ലേഖനം സഹായകരമാവുമെന്നു പ്രതീക്ഷിക്കുന്നു.

Read in English

You might also enjoy: