Read in English

ഇന്ന് ആഗസ്റ്റ് പത്താം തീയതി. രാവിലെ അല്പം താമസിച്ചാണ് ഉറക്കം ഉണർന്നത്. യാത്രയുടെ ക്ഷീണം കാരണം നന്നായിത്തന്നെ ഉറങ്ങി. അതുകൂടാതെ ഈ ഉയരത്തിനോട് ശരീരം പൊരുത്തപ്പെടാൻ നല്ല വിശ്രമവും നല്ല ആഹാരവും നല്ല വെള്ളം കുടിയും അത്യാവശ്യം ആണ്. കൊണ്ടുവന്ന ഉടുപ്പുകളും പാന്റുകളും കുറെയൊക്കെ കഴുകാൻ ആയിരുന്നു. തണുത്ത കാലാവസ്ഥയിൽ നമ്മൾ കഴുകിയാൽ ഉണങ്ങാൻ വലിയ താമസം ഉണ്ടാവും. അതിനാൽത്തന്നെ ഹോട്ടലിൽ ഉള്ളവർ പറഞ്ഞതനുസരിച്ച് അവിടെ തന്നെ സൂക്ഷിക്കുകയും കഴുകി ഉണക്കി തരുന്ന ഒരാൾ വന്ന് എല്ലാം കൊണ്ടുപോകുകയും ചെയ്തു. എല്ലായിടത്തും ഇത്തരം സൗകര്യങ്ങൾ ഉണ്ടാവണം എന്നില്ല. അതിനാൽ തന്നെ ഇത്തരം യാത്രകളിൽ അവസരം കിട്ടുമ്പോൾ ഉപയോഗപ്പെടുത്തുക.

Leh
Leh

വൈകുന്നേരം ലേയിലെ പ്രശസ്തമായ Hall of Fame കാണുവാനായി പുറപ്പെട്ടു. താമസിക്കുന്ന ഹോട്ടലിൽ നിന്നും അധികം ദൂരെയല്ലാതെയായിരുന്നു ഈ സ്ഥലം. പട്ടാളം നോക്കി നടത്തുന്ന, ലേയുടെ ചരിത്രവും പലകാലങ്ങളിൽ ഉണ്ടായിട്ടുള്ള യുദ്ധങ്ങളുടെ വിവരങ്ങളും യുദ്ധോപകരണങ്ങളുടെ ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരിടം. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വിശദമായി എഴുതിവെക്കുകയും, കൂടുതൽ മനസിലാക്കാനായി ചിത്രങ്ങളും മാത്യകകളും വളരെ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ലേയുടെ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്ക് വളരെ എളുപ്പത്തിൽ എല്ലാ വിവരങ്ങളും ലഭ്യമാകും. യാതൊരു ധൃതിയുമില്ലാതെ സാവധാനം എല്ലാം കണ്ടുനടന്നു. യാത്രയുടെ അവസാന ദിവസങ്ങളിൽ ഞങ്ങൾക്ക് വളരെയെധികം സഹായം ചെയ്ത മൂന്നുപേരെയും അവിടെ വെച്ച് കണ്ടു. പക്ഷെ അപ്പോൾ പരിചയപ്പെട്ടിരുന്നില്ല. പിന്നീട് വിഡിയോകൾ പരിശോധിച്ചപ്പോഴാണ് ഇവരും അവിടെ ഉണ്ടായിരുന്നു എന്ന് കണ്ടത്. ഒടുവിൽ പുറത്തിറങ്ങിയപ്പോൾ കേരളത്തിൽനിന്നും വന്ന സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടത്തെ കണ്ടു. പതിനഞ്ചോളം പേർ. എല്ലാ വർഷവും അവർ ഇതുപോലെ യാത്രകൾ പോകാറുണ്ട്. ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത് പട്ടാളം നടത്തുന്ന ഒരു കാന്റീനും ഉണ്ട്. അവിടെയും കണ്ടു മലയാളി പട്ടാളക്കാരെ. കേരളം വിട്ട് ഇത്രയും ദൂരെ നിൽക്കുമ്പോൾ കാണുന്ന മലയാളികൾ എല്ലാം പരസ്പരം സൗഹാർദം പങ്കിടുന്ന കാഴ്ച വളരെ മനോഹരമാണ്.

Hall of fame
Hall of fame
Hall of fame
Hall of fame

അടുത്തതായി ലേയിലെ മറ്റൊരു പ്രശസ്ത ഇടമായ ശാന്തി സ്തൂപം കാണാനായി പുറപ്പെട്ടു. ലേ പട്ടണത്തിൽ നിന്നും അധികം ദൂരെയല്ലാത്ത ഈ സ്ഥലം ധാരാളം സഞ്ചാരികളെയും ബുദ്ധന്റെ ആശയങ്ങൾ പിന്തുടരുന്നവരെയും ആകർഷിക്കുന്നു

ശാന്തിസ്തൂപത്തെക്കുറിച്ച്

ഉത്തരേന്ത്യയിലെ ലഡാക്കിലെ ലേ ജില്ലയിലെ ചാൻസ്പയിലെ ഒരു കുന്നിൻ മുകളിലുള്ള ഒരു ബുദ്ധ താഴികക്കുട സ്തൂപമാണ് ശാന്തി സ്തൂപം (ചോർട്ടൻ). വെളുത്ത നിറത്തിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. 1991-ൽ ജാപ്പനീസ് ബുദ്ധഭിക്ഷുവായ ജിയോമിയോ നകമുറയാണ് ഇത് നിർമ്മിച്ചത്. ശാന്തി സ്തൂപത്തിൽ ബുദ്ധന്റെ അവശിഷ്ടങ്ങൾ സ്ഥാപിച്ചിരിക്കുന്നു. പതിനാലാമത്തെ ദലൈലാമയാണ് പ്രതിഷ്ഠ നിർവഹിച്ചത്. മതപരമായ പ്രാധാന്യം മാത്രമല്ല, ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന അതിന്റെ സ്ഥാനം കാരണം സ്തൂപം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

ജാപ്പനീസ് ബുദ്ധമതക്കാരും ലഡാക്ക് ബുദ്ധമതക്കാരും ചേർന്നാണ് ശാന്തി സ്തൂപം നിർമ്മിച്ചത്. യഥാർത്ഥ ആശയം നിർമ്മിച്ചത് മഹാനായ അശോക ചക്രവർത്തിയും ഒരു ബുദ്ധിസ്റ് ആയ നിചിദാറ്റ്സു ഫുജിയും കൂടിയാണ്. ആധുനിക കാലത്തു സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളാനായിരുന്നു ഈ നിർമ്മാണം.

Santi stoopa
Santi stoopa
View from Santi stoopa
View from Santi stoopa

ഭിക്ഷു ഗ്യോംയോ നകമുരയുടെ മേൽനോട്ടത്തിൽ 1983 ഏപ്രിലിൽ ശാന്തി സ്തൂപത്തിന്റെ നിർമ്മാണം ആരംഭിച്ചു. ലഡാക്കിലെ ഒരു ഹെഡ് ലാമയായ കുഷോക് ബകുല, ന്യൂഡെൽഹിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സഹായിച്ചു, കാരണം അദ്ദേഹം ഗവൺമെന്റ് ഓഫ് മൈനോറിറ്റി കമ്മീഷൻ അംഗമായിരുന്നു. സ്വമേധയാ അധ്വാനം നൽകിയ ലഡാക്കി ബുദ്ധമതക്കാരുടെ സഹായത്തോടെയും ജാപ്പനീസ് ബുദ്ധമതക്കാരുടെയും ഇന്ത്യൻ പിന്തുണക്കാരുടെയും സാമ്പത്തിക പിന്തുണയോടെയാണ് ഈ പദ്ധതി നിർമ്മിച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1984 ൽ സ്തൂപത്തിലേക്ക് റോഡ് നിർമ്മിക്കാൻ അനുമതി നൽകി. നിർമ്മാണ കാലയളവിൽ ഇന്ത്യൻ സൈന്യം പിന്തുണ തുടർന്നു. J&K സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് നിർമ്മാണ സാമഗ്രികൾ നൽകി. 1985 ഓഗസ്റ്റിൽ 14-ാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ സ്തൂപത്തിന്റെ അടിത്തറ ഉദ്ഘാടനം ചെയ്തു.

സ്തൂപത്തിന്റെ ഭാഗത്ത് നല്ല തിരക്കുണ്ടായിരുന്നു. പൊതുവെ തണുത്ത കാലാവസ്ഥയുള്ള ലേയിൽ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ശാന്തിസ്തൂപം നല്ല ഒരിടമാണ്. വെളിച്ചം മങ്ങി തുടങ്ങിയപ്പോൾ തിരക്കും കുറവായി. ഇന്നൊരു പൗർണ്ണമി ദിനമാണ്. ചന്ദ്രൻ ഉദിച്ചുകഴിഞ്ഞപ്പോൾ സ്തൂപം നിലാവിൽ തിളങ്ങുന്ന ഒരു രൂപമായി മാറി. ആ മലയുടെ മുകളിൽനിന്ന് ചാന്ദ്രവെളിച്ചത്തിൽ തിളങ്ങുന്ന ലേ നഗരം കാണാൻ ഒരു പ്രത്യേക ഭംഗിതന്നെയായിരുന്നു.

തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ അത്താഴത്തിന് സമയമായിരുന്നു. ലഖുവായ അത്താഴത്തിനുശേഷം ഞങ്ങൾ ലേ മാർക്കറ്റ് കാണുവാൻ തിരിച്ചു. ഞങ്ങൾ താമസിച്ച ഹോട്ടലിൽനിന്നും ഏകദേശം പത്തുമിനിറ്റ് ദൂരം ഒരു കയറ്റം കയറി വേണം മാർക്കറ്റ് എത്തുവാൻ. ലേയിൽ എത്തുന്ന എല്ലാവരും പോകുന്ന ഒരിടമാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പലവിധം സാധനങ്ങൾ വിൽക്കുന്ന കടകൾ ഉണ്ടായിരുന്നു. നടന്നു കാണുക എന്നതിലുപരി സാധനങ്ങൾ മേടിക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നാലും ബൈക്കിൽ കെട്ടുവാനായി “ഓം മണി പദ്മെ ഹും” എന്ന മന്ത്രം എഴുതിയ തോരണം വാങ്ങി. പിന്നെ കുറച്ചു കീചെയിനും കാന്തം പിടിപ്പിച്ച ലേയുടെ കുറച്ച് ചിത്രങ്ങളും കൂടി വാങ്ങി.

ലേ മാർക്കറ്റിൽ വാഹനഭയമില്ലാതെ നടക്കാം. അതിനു കാരണം, ഉള്ളിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതായിരുന്നു. രണ്ടു ഭാഗത്തുകൂടി മാർക്കറ്റിന്റെ അകത്തേക്ക് കടക്കാമായിരുന്നു. രണ്ടിടത്തും പടികൾ കെട്ടിയിരുന്നതിനാൽ വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ കഴിയുമായിരുന്നില്ല. ഉള്ളിൽ വീതിയേറിയ നടപ്പാതകളും നടന്നു ക്ഷീണിച്ചവർക്ക് വിശ്രമിക്കുവാൻ ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. മൊത്തത്തിൽ നല്ല വൃത്തിയുള്ള ഇടം. കടകൾ അടച്ചുതുടങ്ങിയപ്പോൾ ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് മടങ്ങി.

11 ആം തീയതി രാവിലെ അല്പം നേരത്തെ തന്നെ ലേയിലെ മറ്റു ആകർഷണങ്ങൾ കാണാനായി പുറപ്പെട്ടു. തിരികെ വന്നിട്ട് പ്രഭാത ഭക്ഷണം കഴിക്കാൻ ആയിരുന്നു പദ്ധതി. സംഗം ആയിരുന്നു ആദ്യത്തെ സ്ഥലം. ഏറ്റവും ദൂരെയുള്ളത് സംഗം ആയിരുന്നു.അതിനാൽ അവിടെ പോയി തിരിച്ചുവരുമ്പോൾ മറ്റുസ്ഥലങ്ങൾ സന്ദർശിക്കാം എന്നുകരുതി.

ഇൻഡസ്, സൻസ്കാർ എന്നീ നദികളുടെ സംഗമസ്ഥാനമാണ് സംഗം എന്നറിയപ്പെടുന്നത്. ലേ പട്ടണത്തിൽനിന്നും 30 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. മുകളിലൂടെയുള്ള റോഡിൽ നിന്നാൽ നദികളുടെ സംഗമം നന്നായി കാണുവാൻ സാധിക്കും. അത്യാവശ്യം തെളിഞ്ഞ വെള്ളമുള്ള ഇൻഡസ് നദിയും കലങ്ങിമറിഞ്ഞ സൻസ്കാർ നദിയും ഒരുമിച്ചു കലങ്ങി താഴേക്ക് ഒഴുകുന്നത് കാണുവാൻ സാധിക്കും. റാഫ്റ്റിങ് പോലെയുള്ള സാഹസിക വിനോദങ്ങൾക്കും ഇവിടെ ഇടമുണ്ട്. മൂന്നും കൂടിയ ഒരു കവല പോലെ തോന്നും ഈ സംഗമ സ്ഥാനം.

Sangam
Sangam
Sangam
Sangam
Sangam
Sangam

അടുത്തതായി ലേയിലെ പ്രസ്തമായ മാഗ്നെറ്റിക് ഹിൽ കാണുവാൻ പുറപ്പെട്ടു. സംഗത്തിൽനിന്നും ലേയിലേക്കുള്ള വഴിയിലാണ് മാഗ്നെറ്റിക് ഹിൽ. ലേ പട്ടണത്തിൽനിന്നും 26 കിലോമീറ്റർ ദൂരം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഇവിടുത്തെ മലകൾക്ക് കാന്തശക്തി ഉണ്ടെന്നു കരുതപ്പെടുന്നു. റോഡിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തു വാഹനം നിർത്തി എൻജിൻ നിർത്തിയാൽ വണ്ടി തനിയെ വഴിയിലൂടെ ഉരുണ്ടുനീങ്ങും. പ്രത്യക്ഷത്തിൽ ഇറക്കം അല്ലാത്ത ഒരു വഴിയിൽ ഇങ്ങനെ സംഭവിക്കുന്നത് മലകളുടെ കാന്തികശക്തി കാരണമാണെന്ന് പറയപ്പെടുന്നു. മറിച്ചുള്ള വാദങ്ങളും ഉണ്ട്. റോഡിൻറെ ഇറക്കം അറിയാത്തത് ചുറ്റുപാടിന്റെ പ്രത്യേകതകൾ കാരണമുള്ള ദൃശ്യ ഭ്രമം(Visual Illusion) കാരണം ആണെന്നും പറയപ്പെടുന്നു. ഞങ്ങളുടെ ബൈക്കിൽ ചെയ്യാൻ നോക്കിയിട്ടു നടന്നില്ല.കാൽ കുത്തിനിന്നാൽ ബൈക്ക് ചലിക്കില്ലല്ലോ.. അത് തന്നെ കാരണം. അല്പം കാത്തിരുന്നപ്പോൾ ഹരിയാന സ്വദേശികളായ രണ്ടുപേർ കാറിൽ വന്നു. അവരും ഈ പ്രതിഭാസം അനുഭവിക്കാൻ വന്നതാണ്. അവരോടോപ്പം ആ കാറിൽ ഞാനും ഒരു പരീക്ഷണം നടത്തി. എൻജിൻ നിർത്തിയ കാറിന്റെ ബ്രേക്ക് വിട്ട ഉടനെ അത് റോഡിലൂടെ തനിയെ ഉരുളുവാൻ തുടങ്ങി. അത്യാവശ്യം നല്ല വേഗതയും കൈവരിച്ചു. നല്ല ഒരു അനുഭവമായിരുന്നു.

Magnetic hill
Magnetic hill
Magnetic hill
Magnetic hill

അതിനുശേഷം ഗുരുദ്വാരാ പത്തർ സാഹിബ് കാണുവാൻ പുറപ്പെട്ടു. ഇതും തിരികെ പോകുന്ന വഴിയരികിൽ തന്നെ ആയിരുന്നു. ലേ പട്ടണത്തിൽനിന്നും 23 കിലോമീറ്റർ ദൂരം. മഹാനായ ഗുരു നാനാക്ക് 1517 AD യിൽ ലേയിലേക്കു സഞ്ചരിക്കുകയുണ്ടായി. ആ സമയത്ത് ഇവിടുത്തെ നാട്ടുകാർ ഒരു ക്രൂരനായ രാക്ഷസന്റെ ശല്യത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് അദ്ദേഹം ഇവിടെയിരുന്ന് ധ്യാനിക്കുകയും അതുകണ്ട രാക്ഷസൻ അടുത്ത മലയിൽനിന്നും ഒരു വലിയ പാറ അദ്ദേഹത്തിനുനേരെ ഉരുട്ടിയിടുകയും ചെയ്തു. അദ്ഭുതമെന്നുപറയട്ടെ ഗുരു നാനാക്കിനെ തട്ടിയ പാറയുടെ ഭാഗം അത്യധികം മൃദുലമാവുകയും അവിടം കുഴിഞ്ഞു പോകുകയും ചെയ്തു. രാക്ഷസൻ താഴെവന്നു പാറ ചവിട്ടിത്തെറിപ്പിച്ചു. ഒന്നും സംഭവിക്കാതെ ധ്യാനനിമഗ്നനായിരുന്ന ഗുരു നാനാക്കിനെ കണ്ട് രാക്ഷസന് തന്റെ തെറ്റുമനസിലാവുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ വീഴുകയും ചെയ്തു എന്നാണു ഐതീഹ്യം.

Gurudwara Pathar Sahib
Gurudwara Pathar Sahib

ഇവിടെ നിർമ്മിച്ചിരിക്കുന്ന ചെറിയ ഗുരുദ്വാരയിൽ ഈ പാറ നമുക്ക് കാണുവാൻ സാധിക്കും. ഗുരു നാനാക്കിന്റെ രൂപവും, ചവിട്ടിത്തെറിപ്പിച്ചപ്പോൾ പതിഞ്ഞ രാക്ഷസന്റെ കാൽപാടും ഈ പാറയിൽ ഇപ്പോഴുമുണ്ട്. വളരെയധികം നിശബ്ദമായിരുന്നു ഉള്ളിൽ. സുവർണ്ണക്ഷേത്രത്തിൽ ഉള്ളതുപോലെ ഒരു ഗ്രന്ഥം ഇവിടെയുമുണ്ടായിരുന്നു. ഉള്ളിൽ മുഴുവൻ ചുവന്ന പരവതാനി വിരിച്ചിരുന്നു. പട്ടാളത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ ഗുരുദ്വാര. ഉള്ളിൽ വലിയ ഒരു ഭക്ഷണപ്പുരയും ഉണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോൾ ബൈക്കിൽ സ്ഥലം കാണാൻ എത്തിയ കുടുംബത്തെ പരിചയപ്പെട്ടു. കൂടാതെ പട്ടാളത്തിൽ ജോലി ചെയ്യുന്ന രണ്ടു മലയാളികളെയും പരിചയപ്പെട്ടു.

തിരികെ മുറിയിലെത്തി വിശ്രമിച്ചു. നാളെ കർദുങ്ലാ പാസ്സിലേക്കും അവിടെനിന്നും നുബ്ര വാലിയിലേക്കുമാണ് യാത്ര. അതിനാൽ ബാഗുകൾ തയാറാക്കി വെച്ചു. വൈകുന്നേരം ലേയിൽനിന്നും 15 കിലോമീറ്റർ അകലെയുള്ള ഷെയ് മൊണാസ്റ്ററി കാണുവാൻ പുറപ്പെട്ടു.

ഷെയ് മൊണാസ്റ്ററി

വടക്കേ ഇന്ത്യയിലെ ലഡാക്കിലെ ലേയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9.3 മൈൽ) തെക്ക് ഷെയ്യിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഷെയ് മൊണാസ്ട്രി അല്ലെങ്കിൽ ഗോമ്പ, ഷെയ് പാലസ് സമുച്ചയം അതീവ ആകർഷണീയമായ നിർമ്മിതികളാണ്. മുൻകാലങ്ങളിൽ ലഡാക്കിന്റെ വേനൽക്കാല തലസ്ഥാനമായിരുന്നു ഷെയ്. ലഡാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധ പ്രതിമയായ ശാക്യമുനി ബുദ്ധന്റെ കൂറ്റൻ പ്രതിമ ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

Shey Monastery
Shey Monastery
Shey Monastery
Shey Monastery

യഥാർത്ഥത്തിൽ ഈ കൊട്ടാരം, ഷെയ് ഗ്രാമത്തിന് സമീപം പത്താം നൂറ്റാണ്ടിൽ ലഡാക്കിലെ രാജാവായ ലാചെൻ പാൽഗിഗോൺ നിർമ്മിച്ചതാണ്, അന്ന് അദ്ദേഹം മറിയുൾ എന്നറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, കൊട്ടാരം ഇപ്പോൾ നാശത്തിലാണ്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ പ്രഭു മിർസ ഹൈദർ ദുഗ്ലത്ത്, ലഡാക്ക് അധിനിവേശ സമയത്ത് കൊട്ടാരത്തിനെ അദ്ദേഹത്തിന്റെ വാസസ്ഥലമാക്കിയിരുന്നു.

Shey Monastery
Shey Monastery

1655-ൽ ഡെൽഡൻ നംഗ്യാലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പരേതനായ പിതാവ് സെങ്ഗെ നംഗ്യാലിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഇപ്പോഴത്തെ ഷെയ് പാലസും മൊണാസ്ട്രിയും. ആദ്യത്തെ കൊട്ടാരത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഈ മഠം, സ്വർണ്ണം പൂശിയ ശാക്യമുനി ബുദ്ധന്റെ ഭീമാകാരമായ ചെമ്പ് പ്രതിമയ്ക്ക് പേരുകേട്ടതാണ്. “ശാക്യമുനി” എന്ന പേര് സൂചിപ്പിക്കുന്നത് ബുദ്ധൻ ശാക്യ ജനതയുടെ ഋഷി (മുനി) ആയിരുന്നു, അവർ ഹിമാലയൻ താഴ്വരയിൽകപിലവസ്തുവിൽ വസിച്ചിരുന്നു.

Shey Monastery
Shey Monastery

വളരെയധികം മുകളിലേക്ക് കയറിവേണമായിരുന്നു ബുദ്ധപ്രതിമയുടെ അടുത്തെത്തുവാൻ. പലഭാഗങ്ങളും ജീർണ്ണിച്ചിരുന്നുവെങ്കിലും പ്രൗഢിക്ക് കുറവുവരാതെ കൊട്ടാരം നിലനിൽക്കുന്നു. ഏകദേശം രണ്ടുനില കെട്ടിടത്തിന്റെ ഉയരമുണ്ട് ധ്യാനത്തിൽ ഇരിക്കുന്ന ബുദ്ധ പ്രതിമക്ക്.

View from Shey Monastery
View from Shey Monastery

കൊട്ടാരം കണ്ടിറങ്ങിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. അവിടുന്ന് നേരെ മാർക്കറ്റിൽ പോയി പെട്രോൾ കരുതാൻ കന്നാസുകളും കെട്ടിവെക്കാൻ ബലമുള്ള കയറും വാങ്ങി തിരികെ മുറിയിലെത്തി. ബാഗുകൾ എല്ലാം ഒന്നുകൂടി പരിശോധിച്ച ശേഷം നേരത്തെ ഉറങ്ങാൻ കിടന്നു.

(തുടരും…)

Read in English

You might also enjoy: