Read in English

സ്കൂൾ പഠനകാലങ്ങളിൽ എപ്പോഴോ തലയിൽ കയറിയ മോഹമാണ് അഗസ്ത്യകൂടം. അതിനു പ്രധാന കാരണക്കാരൻ അമ്മാവൻ[1] – അനിൽ – ആയിരുന്നു. അമ്മാവൻ 1987 ലും 1988 ലും പോയ അനുഭവങ്ങൾ നിങ്ങള്ക്ക് ഇനി കൊടുക്കുന്ന ലിങ്കുകളിൽ വായിക്കാം – ഭാഗം-1ഭാഗം-2. അങ്ങനെയിരിക്കുമ്പോൾ 2002 ജനുവരിയിൽ(ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ) ആ വർഷത്തെ സീസൺ ആരംഭിക്കും എന്ന് പറഞ്ഞു അമ്മാവന്റെ വിളി വന്നു. അപ്ഫനാണ് [2] ടിക്കറ്റ് എടുത്തത് എന്നാണ് ഓർമ. അന്ന് ഓൺലൈൻ ടിക്കറ്റ് ഇല്ലാത്തതു കാരണം തിരുവനന്തപുരത്തെ ഓഫീസിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കണമായിരുന്നു. കൂടാതെ കൂട്ടത്തിൽ പത്തുപേർ വേണം എന്നും ഉണ്ടായിരുന്നു. അച്ഛൻ, അമ്മാവൻ, അമ്മാവന്റെ മകൻ (ജിഷ്ണു), അപ്ഫൻ, പ്രശാന്ത് അമ്മാവൻ, ഞാൻ, കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുമായി മറ്റു മൂന്നുപേരും. ടിക്കറ്റ് കിട്ടിയതിനു ശേഷം യാത്രാദിവസം എത്തിച്ചേരാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു.

ഒന്നാം ദിവസം

 

അങ്ങനെ ആ ദിവസം എത്തിച്ചേർന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അച്ഛന്റെ കൂടെ നെടുമങ്ങാട് വന്നു. അവിടുന്ന് വെളുപ്പിനെ ഉള്ള ബസിൽ ബോണക്കാടിനു പോയി. ജനുവരിയിലെ തണുപ്പും കാടിന്റെ വെളുപ്പിനെ ഉള്ള ഭീകരതയും കൂടി നല്ലൊരു അനുഭവമായിരുന്നു ബോണക്കാട് വരെയുള്ള ആ യാത്ര. അപ്ഫനെ അവിടുന്ന് കണ്ടുമുട്ടി. അടുത്ത് കണ്ട അരുവിയിൽ നിന്ന് കുളി കഴിച്ചു. അടഞ്ഞു കിടന്ന ബോണക്കാട് തേയില ഫാക്ടറിയുടെ അടുത്തുള്ള ഒരു ക്യാന്റീനിൽനിന്നു ഭക്ഷണവും കഴിച്ചു. ഉച്ചക്കത്തെക്കുള്ള ഭക്ഷണം പൊതിഞ്ഞു മേടിക്കണമായിരുന്നു. അതിനു ശേഷം വനംവകുപ്പിന്റെ ഓഫീസിലേക്ക് നടത്തം ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്റർ. അമ്മാവനും ജിഷ്ണുവും മറ്റുള്ളവരും തലേന്ന് തന്നെ ബോണക്കാട് എത്തിയാരുന്നു. അന്ന് അവിടെ വനംവകുപ്പിന്റെ മുളകൊണ്ടുള്ള ഒരു വീട് ഉണ്ടായിരുന്നു.രാത്രിയിൽ കാടിന്റെ താരാട്ടു കേട്ട് അവിടെ കിടന്നാണ് അവർ ഉറങ്ങിയത്. ഞങ്ങൾ വനംവകുപ്പിന്റെ ഓഫീസിൽ എത്തിയപ്പോൾ അവരും അവിടെ എത്തിയിരുന്നു. ഇന്നത്തെ പോലെ തിരക്ക് ഉണ്ടായിരുന്നില്ല. ഞങ്ങളെ കൂടാതെ വളരെ കുറച്ചു ആൾക്കാർ കൂടി. അവിടുത്തെ ചെക്കിങ് എല്ലാം കഴിഞ്ഞു നടത്തം ആരംഭിച്ചു.

Travel Stories | മലയാളം | Agasthyakoodam path
Hut for forest watchers

ആദ്യം കയറ്റം ഒന്നുമില്ലാതെ ചെറിയ വഴി. അല്പം ദൂരം കഴിഞ്ഞപ്പോൾ കോട്ടവാതുക്കൾ എന്ന സ്ഥലത്ത് കുറച്ചു വിഗ്രഹങ്ങളിൽ പൂജ ചെയ്തത് പോലെ കണ്ടു. അവിടത്തുകാരുടെ ഒരു ചെറിയ ക്ഷേത്രം പോലെ. അവിടെ തൊഴുതു നടത്തം തുടർന്നു. പൊന്മുടി യാത്രക്ക് ശേഷം ഒരു വനയാത്ര ഇപ്പോഴാണ് സാധ്യമായത്. നല്ല ഒന്നാംതരം കാട്. ഇടയ്ക്കു പക്ഷികളുടെ ശബ്ദവും ഞങ്ങളുടെ ചെറിയ സംസാരത്തിന്റെ ശബ്ദവും ഒഴിച്ച് നിർത്തിയാൽ പൂർണ്ണ നിശബ്ദത. സൂര്യവെളിച്ചം അധികം ഒന്നും നിലത്തേക്ക് എത്തുന്നില്ല. ചെറിയ തണുപ്പും തണൽ വഴികളും കൂടെ ആയപ്പോൾ നടത്തത്തിന്റെ കാഠിന്യം കുറഞ്ഞതുപോലെ തോന്നി. ഒന്നുരണ്ട് ചെറിയ അരുവികൾ കടന്നു. ഉച്ചയായപ്പോൾ നല്ല ഒരു വെള്ളച്ചാട്ടം കണ്ടു. എല്ലാവരും നടന്നു ക്ഷീണിച്ചിരുന്നു. എനിക്കും ജിഷ്ണുവിനും ഇത് ആദ്യത്തെ ദീർഘദൂര നടത്തമാണ്. ക്ഷീണം തീർക്കാൻ നന്നായി ഒരു കുളി പാസ്സാക്കി. ഉച്ചഭക്ഷണവും അവിടെ ഇരുന്നു കഴിച്ചു. ചെറുതായി അട്ടകൾ ഞങ്ങളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ കുട്ടികളെ അവർക്ക് അത്ര ബോധിച്ചില്ല എന്ന് തോന്നുന്നു. മുതിർന്നവർക്കാണ് കിട്ടിയതൊക്കെ. അല്പംകൂടി വിശ്രമിച്ച ശേഷം വീണ്ടും നടത്തം തുടർന്നു. ഒരു ചെറിയ അരുവിയും പാറക്കൂട്ടങ്ങളും കഴിഞ്ഞു നേരെ ചെന്നെത്തിയത് പുൽമേട്ടിലേക്കായിരുന്നു.

Travel Stories | മലയാളം | Agasthyakoodam Grass lands
Grass lands

കാടിന്റെ ഭീകരമായ രൂപമാറ്റം. കഴിഞ്ഞ കുറച്ചു മണിക്കൂറുകളിൽ സൂര്യനെ കാണാതെ നടന്നിട്ടു ഇപ്പൊൾ നേരെ കഠിനമായ വെയിലിലേക്കാണ് എത്തിപ്പെട്ടത്. തൊട്ടു മുൻപ് കുളിച്ചത് കാരണം നനഞ്ഞ തോർത്ത് കൈയിൽ ഉണ്ടായിരുന്നു. അത് തലയിൽ ചുറ്റി നടത്തം തുടർന്നു. ആൾപ്പൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുന്നു. അതിരിൽ നിബിഡവനം. ആനപ്പിണ്ടം കണ്ടു പലയിടത്തും. കുറച്ചു പഴക്കം തോന്നിച്ചവയായിരുന്നു എന്നതായിരുന്നു സമാധാനം. വെയിലായതു കാരണം പൊടി മണ്ണായിരുന്നു അവിടം മുഴുവൻ. പുൽമേടിന്റെ ഇടയിലൂടെ മലകയറ്റം ഉണ്ടായിരുന്നു. പലപ്പോഴും പൊടിമണൽ ചതിക്കാൻ നോക്കി. വീഴാതെ കഷ്ടപ്പെട്ട് രക്ഷപ്പെട്ടു. അഗസ്ത്യകൂടത്തിന്റെ ദൃശ്യങ്ങൾ കിട്ടിത്തുടങ്ങി. കാട്ടാനയുടെ മസ്തകം പോലെ ഉയർന്നുള്ള നിൽപ്പ് കാണേണ്ടത് തന്നെയാണ്. അത്രയും ദൂരം ഇനിയും നടക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ ഒരു സങ്കടം. പുൽമേട് കഴിഞ്ഞു വീണ്ടും കൊടുംകാട്ടിലേക്കു കയറി. അവിടെ നല്ല കയറ്റം ഉണ്ടായിരുന്നു. അത് കയറി എത്തിയപ്പോൾ വഴി രണ്ടായി പിരിയുന്നത് കണ്ടു. ചോക്കുകൊണ്ട് ഇടത്തേക്ക് ഒരു അമ്പടയാളം ഇട്ടിട്ടുണ്ടായിരുന്നു. അമ്മാവൻ പറഞ്ഞപ്പോഴാണ് അത് കോട്ടൂർ പോകാൻ ഉള്ള വഴി ആണെന്ന് മനസിലായത്. കമ്പുകൾ ഒക്കെ വെച്ച് അടയ്ക്കാൻ ഉള്ള ശ്രമം ആരോ നടത്തിയിട്ടുണ്ടായിരുന്നു. കുറച്ചു ദൂരത്തെ നടത്തത്തിനു ശേഷം അതിരുമല എന്ന ഞങ്ങളുടെ ആദ്യ ദിവസത്തെ താമസ സ്ഥലത്തു എത്തി. ചുറ്റും കിടങ്ങു കുഴിച്ചു മധ്യത്തിൽ ഒരു കോൺക്രീറ്റ് കെട്ടിടവുമായി ഒരു സ്ഥലം. ചെല്ലുന്നതിന്റെ ഇടതു ഭാഗത്തായി അഗസ്ത്യ മല അതിന്റെ പൂർണ്ണഭാവം കാട്ടി നിൽക്കുന്നു. നേരെ താഴ്‌വരയിലാണ് നമ്മുടെ താമസം. ഒരു വശത്തായി ഓല മേഞ്ഞ ഒരു കെട്ടിടം കണ്ടു. കാട്ടിലെ ഞങ്ങളുടെ ഭക്ഷണശാല.

Travel Stories | മലയാളം | Agasthyakoodam Athirumala
Camp at Athirumala

രണ്ടു പേർക്ക് ഒരു പായ വച്ച് അഞ്ചു പായ കിട്ടി. ആ കെട്ടിടത്തിനുള്ളിൽ ഞങ്ങളുടെ സ്ഥലം പിടിച്ചു. അവിടെ ആണ് രാത്രി ഉറക്കം. അല്പം കഴിഞ്ഞപ്പോൾ ആണ് ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. കുളിക്കാനും പ്രാഥമിക കാര്യങ്ങൾക്കും പ്രകൃതിയെ തന്നെ ആശ്രയിക്കണം. അല്ലാതെ വേറെ വഴി ഇല്ല. ഇത്രയും നേരത്തെ നടത്തത്തിന്റെ ക്ഷീണം മാറാൻ ഒന്ന് ഉറങ്ങി. എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയി. നേരത്തെ കണ്ട ക്യാന്റീനിൽ നിന്ന് നല്ല കട്ടൻ ചായ കിട്ടി. അത് കുടിച്ചതിനു ശേഷം അത്താഴത്തിനുള്ള ഭക്ഷണം ബുക്ക് ചെയ്തു. ബുക്ക് ചെയ്താലേ ഭക്ഷണം കിട്ടുകയുള്ളു. കൂപ്പൺ മേടിച്ചു വെക്കണം. വെയിൽ മങ്ങുന്നതിനുമുൻപ് അടുത്തുള്ള അരുവിയിൽ പോയി കുളിച്ചു. പോകുന്നവഴി നല്ല വൃത്തികേട് ആയിരുന്നു. ബാത്രൂം ഇല്ലാത്തതിനാൽ വശത്തെ പുൽക്കാടുകളിൽ മുഴുവൻ മനുഷ്യ വിസർജ്യം. വേറെ നിവൃത്തി ഇല്ല.കാട്ടിൽ ചെന്നാൽ നമ്മളും മൃഗങ്ങളെ പോലെ ആവണം. കുളികഴിഞ്ഞു വന്ന് അഗസ്ത്യന്റെ മുന്നിൽ എല്ലാവരും സംസാരിച്ചു ഇരുന്നു. ഇതിനിടയിൽ കോടമഞ്ഞുവന്ന് പലവട്ടം അഗസ്ത്യനെ പൂർണമായും ഭാഗികമായും മറച്ചുകൊണ്ടിരുന്നു. അമ്മാവൻ പണ്ട് വന്ന കഥകൾ വീണ്ടും കേട്ടു. അത്താഴം നേരത്തെ തയാറായിരുന്നു. നല്ല കഞ്ഞിയും പയറും. അത്ര സ്വാദുള്ള അത്താഴം പിന്നീടൊരിക്കലും കിട്ടിയിട്ടില്ല. ആദ്യത്തെ തവണ ഉള്ള സ്വാദ് പിന്നെ തോന്നാത്തത് ആവും. കഞ്ഞി കുടിച്ചു ഉടൻ തന്നെ ഉറങ്ങാൻ കിടന്നു. നാളെ ഇത്ര ദൂരം നടക്കാൻ ഇല്ലെങ്കിലും കഠിനമായ വഴി ആണെന്നാണ് എല്ലാവരും പറഞ്ഞത്. അതും ആലോചിച്ചു വേഗം ഉറങ്ങി.

രണ്ടാം ദിവസം

അച്ഛൻ വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. രാത്രിയിൽ നല്ല കാറ്റും തണുപ്പും ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ഉറക്കത്തിന്റെ ഇടയ്ക്കു ഒന്നും അറിഞ്ഞില്ല. ആറുമണി ആയപ്പോൾ തന്നെ എഴുന്നേറ്റ് പല്ലു തേച്ചു. അരുവിയിലെ വെള്ളത്തിന് സഹിക്കാൻ പറ്റാത്ത തണുപ്പായതു കാരണം കുളി ഒഴിവാക്കി. കുളി ഇനിയും ആവാമല്ലോ.. ഒരു കട്ടൻ ചായയും കുടിച്ചുകൊണ്ട് പൊതിഞ്ഞു തന്ന ഭക്ഷണവുമായി നടക്കാൻ ആരംഭിച്ചു. അല്പം കഴിഞ്ഞപ്പോൾ അമ്മാവൻ ഒരു പരന്ന പാറ കാണിച്ചു തന്നു. അവർ പണ്ട് വന്നപ്പോൾ താമസിച്ച സ്ഥലം. ഞെട്ടിപ്പോയി. കൊടുംകാടിന്റെയുള്ളിൽ അല്പം തീയും കൂട്ടിയിട്ടു രാത്രി മുഴുവൻ!.

ഇന്നലെ വന്നത് പോലെ അല്ല. അല്പം ദൂരം കഴിഞ്ഞതും പാറക്കൂട്ടങ്ങളുടെയും ഈറ്റക്കാടുകളുടെയും ഇടയിലൂടെ ആയി നടത്തം. ഈറ്റകൊണ്ടുണ്ടാക്കിയ ഒരു ഗുഹ പോലെ ആയിരുന്നു ആ വഴി. വഴിയിൽ മുഴുവൻ തലേന്ന് രാത്രിയിൽ ഇട്ടതാണെന്നു തോന്നിപ്പിച്ച ആനപ്പിണ്ടം. നല്ല ആനച്ചൂര്. ഒരു ആന വന്നു അതിന്റെ ഇടയിൽ നിന്നാൽകൂടി ആരും അറിയില്ല. ഇനി നിന്നിരുന്നോ എന്നും അറിയില്ല. ഒരു മണിക്കൂറോളം നടന്ന് അടുത്ത വിശ്രമകേന്ദ്രത്തിൽ എത്തി. വലിയൊരു പാറപ്പുറം – പൊങ്കാലപ്പാറ. നടുവിലൂടെ ചെറിയൊരു അരുവി. താമ്രപർണി നദിയുടെ ഉത്ഭവസ്ഥാനമായിരുന്നു അത്. അവിടെ ഇരുന്ന് കഴിക്കാൻ ഉള്ള പൊതി തുറന്നു നോക്കി. കൂവയിലയിൽ പൊതിഞ്ഞ പൂരി അതിന്റെ കൂട്ടാനിൽ കുളിച്ചു കുതിർന്നു ഇരിക്കുന്നു. നല്ല തണുപ്പായിരുന്നത് കാരണം ഈ പറഞ്ഞ കൂട്ട് ഫ്രിഡ്‌ജിൽ വെച്ചതുപോലെ ഉറഞ്ഞിരുന്നു. വീട്ടിലെ ചൂട് ഭക്ഷണം കഴിച്ചു ശീലിച്ച ഞാൻ വിശന്നു കണ്ണ് കാണാതെ എന്തും വരട്ടെ എന്ന് കരുതി ആ പൂരി കഴിച്ചു. വിശന്നു കഴിച്ചതുകൊണ്ടാണോ ശരിക്കും സ്വാദുകൊണ്ടാണോ എന്നറിയില്ല, വയറും മനസും നിറഞ്ഞു. സ്വാദിഷ്ടമായ ഭക്ഷണം. ഭക്ഷണശേഷം അല്പം വിശ്രമിച്ചിട്ട് നടത്തം തുടർന്നു.

അടുത്ത കയറ്റങ്ങളിൽ ഞങ്ങളെ എതിരേറ്റത് വളരെ പൊക്കം കുറഞ്ഞ വൃക്ഷങ്ങളുള്ള കാടായിരുന്നു. മണ്ണും വളവും കുറഞ്ഞ പാറമുകളിൽ ശക്തിയായി കാറ്റുകൊണ്ട് വളർന്നതുകാരണം കുള്ളന്മാരായിപ്പോയ വൃക്ഷങ്ങൾ. പുതിയൊരു കാഴ്ചയായിരുന്നു ഞങ്ങൾക്ക്. ഉരലിലെ കുഴികൾ പോലെ കുറച്ചു കുഴികൾ കണ്ടു. അവിടെ നിന്ന് പറിക്കുന്ന ഔഷധ സസ്യങ്ങൾ മരുന്നിനായി തയ്യാറാക്കാനുള്ള ഇടങ്ങളായിരുന്നു അവ. ഇപ്പോൾ ഉപയോഗമില്ലെങ്കിലും പോയകാലത്തിന്റെ ഓർമക്കായി അവ അവിടെ നിലനിൽക്കുന്നു. ഈ കൊടുംകാട്ടിൽ ഇത്രയും ഉള്ളിൽ മരുന്നന്വേഷിച്ചു വന്നിരുന്ന മനുഷ്യരെ തൊഴുതു നമസ്കരിക്കാൻ തോന്നും അത്രയും കയറി കഴിയുമ്പോൾ. അല്പംകൂടി കയറി ഒരു പറയിടുക്കിൽ ചെരുപ്പും ബാഗുകളും സൂക്ഷിച്ചു വെച്ചു. ഇനിയുള്ള നടത്തം വെറും കൈയാൽ ആണ്. കീഴ്ക്കാംതൂക്കായ പാറയിൽ അള്ളിപ്പിടിച്ചു കയറണം. അധികഭാരം കാരണം ബാലൻസ് തെറ്റാതിരിക്കാൻ ആണ് എല്ലാം താഴെ വെച്ചിട്ടു കയറിയത്. 3 കുത്തനെയുള്ള കയറ്റങ്ങൾക്കൊടുവിൽ ഞങ്ങൾ അഗസ്ത്യകൂടം കീഴടക്കി.

തുറസ്സായ പാറപ്പുറം. അതിശക്തിയായി വീശുന്ന കാറ്റ് മെലിഞ്ഞുണങ്ങിയ എന്നെ പറത്തിക്കളയുമോ എന്ന് ഞാൻ നന്നായി പേടിച്ചത് ഓർക്കുന്നു. കയറിവന്നതിന്റെ അങ്ങേ വശത്തു അഗസ്ത്യമുനിയുടെ പ്രതിഷ്ഠ. അതിനെ മൂന്നു വശത്തുനിന്നും പൊതിഞ്ഞുനിൽക്കുന്ന കുള്ളൻ മരങ്ങൾ. അത്ഭുതമായിത്തോന്നിയ കാര്യം എന്തെന്നാൽ ശക്തിയായി കാറ്റുള്ള പാറമുകളിൽ അഗസ്ത്യമുനിയുടെ അടുത്ത് മാത്രം ഈ മരങ്ങൾ കാരണം കാറ്റെത്തുന്നില്ല. അവിടെ കൊളുത്തിയ വിളക്കുകൾ ഒന്നും ഒന്ന് ഇളകുന്നുപോലും ഇല്ല. അഗസ്ത്യനെ തൊഴുത് അരമണിക്കൂറോളം കാറ്റും ആസ്വദിച്ചു അവിടെ ഇരുന്നു. ശേഷം തിരിച്ചു ഇറങ്ങാൻ തുടങ്ങി. കയറ്റം കയറിയതിലും ബുദ്ധിമുട്ടായിരുന്നു തിരിച്ചു ഇറങ്ങാൻ. കഷ്ടപ്പെട്ട് മുഴുവൻ തിരിച്ചു ഇറങ്ങി. സൂക്ഷിച്ചു വെച്ച ബാഗുകളും ചെരിപ്പുകളും എടുത്തു. ഇന്നുതന്നെ തിരികെ ബോണക്കാട് എത്താൻ ആണ് പദ്ധതി. അതുകൊണ്ട് ഇറക്കം അല്പം വേഗത്തിലാക്കി. ഒരുമണിയോടെ തിരികെ അതിരുമല എത്തി.

വേഗം ഉച്ചഭക്ഷണമായ കഞ്ഞിയും പയറും കഴിച്ചു തിരിച്ചിറങ്ങാൻ തുടങ്ങി. അല്പം വേഗത്തിൽ തന്നെ നടന്നു. ഒരേ ഒരു സ്ഥലത്തു അല്പം ഒന്ന് ഇരുന്നതൊഴിച്ചാൽ ആ നടത്തത്തിൽ വിശ്രമിച്ചിട്ടില്ല. അഞ്ചുമണിയോടുകൂടി തിരികെ ബോണക്കാട് എത്തി. അടുത്ത ബസിൽ കയറി നാട്ടിലേക്ക് എത്തി.

തിരിച്ചു വീട്ടിലെത്തി ആദ്യം തീരുമാനിച്ചത് ഇനി അഗസ്ത്യകൂടം കയറാൻ പോകില്ല എന്നായിരുന്നു. ക്ഷീണം ആയിരിക്കും അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. പക്ഷെ അടുത്ത ദിവസം ആ തീരുമാനം മാറി. അടുത്ത് അഗസ്ത്യകൂടം കയറാൻ മനസും ശരീരവും തയാറായി. ഇനി എന്നുള്ള ചിന്ത മാത്രം.

(തുടരും…)



[1] – അമ്മയുടെ സഹോദരൻ.

[2] – അച്ഛമ്മയുടെ അനിയത്തിയുടെ മകൻ. അച്ഛന്റെ അനിയന്റെ സ്ഥാനം.

Read in English

You might also enjoy: