Read in English

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്രയിൽ ഇന്ന് ജാലിയൻ വാലാബാഗ് സ്മാരകം, പാർട്ടീഷൻ മ്യൂസിയം, വാഗാ-അട്ടാരി അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങ്, ഇത്രയും കാണുവാൻ തീരുമാനിച്ചു. ജാലിയൻ വാലാബാഗും പാർട്ടീഷൻ മ്യൂസിയവും അടുത്തായതിനാൽ അധികം നേരത്തെ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. അവ കണ്ടതിനുശേഷം ഏകദേശം ഒരുമണിക്കൂർ യാത്രയെ വാഗാ-അട്ടാരി അതിർത്തിയിലേക്കുള്ളു. സുവർണ്ണക്ഷേത്രത്തിന്റെ അടുത്തായിത്തന്നെയാണ് ജാലിയൻ വാലാബാഗും പാർട്ടീഷൻ മ്യൂസിയവും. 11 മണിയോടുകൂടി ജാലിയൻ വാലാബാഗിൽ എത്തി.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല

1919 ഏപ്രിൽ 13-ന് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് പോലീസ് ഓഫീസർ ബ്രിഗേഡിയർ ജനറൽ ഡയർ ഉത്തരവിട്ട ഈ നിർഭാഗ്യകരമായ ദിനം കാര്യമായ ജീവഹാനിക്ക് കാരണമായി, ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ ഒരു വഴിത്തിരിവായി ഓർമ്മിക്കപ്പെടുന്നു.

1919 ഏപ്രിൽ 13-ന്, കലാപത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജനറൽ ഡയർ എല്ലാ സമ്മേളനങ്ങളും നിരോധിച്ചു. എന്നിരുന്നാലും, ജാലിയൻവാലാബാഗിൽ 20,000 പേർ സമാധാനപരമായി ഒരുമിച്ചുകൂടുന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കുകയും തന്റെ ഗൂർഖ റെജിമെന്റുമായി അവിടേക്ക് പോകുകയും ചെയ്തു. ഒരു പ്രകോപനവുമില്ലാതെ, ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ഡയർ തന്റെ സൈനികർക്ക് ആജ്ഞാപിച്ചു, പത്ത് മിനിറ്റോളം വെടിവയ്പ്പ് തുടർന്നു. സൈനികർ ഏകദേശം 1,650 റൗണ്ടുകൾ വെടിയുതിർത്തതായി കണക്കാക്കപ്പെടുന്നു, ഔദ്യോഗിക ബ്രിട്ടീഷ് കണക്കുകൾ പ്രകാരം, 379 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, എന്നിരുന്നാലും യഥാർത്ഥ മരണസംഖ്യ 1,000 ൽ കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു. സംഭവസ്ഥലത്ത് അവശേഷിച്ച തിരകളുടെ ഒഴിഞ്ഞ പൊതികൾ എണ്ണിയാണ് മരിച്ചവരുടെ എണ്ണം കണ്ടെത്തിയത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊല ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിന്റെ നിർണായക നിമിഷമായാണ് പരക്കെ കണക്കാക്കപ്പെടുന്നത്. നൂറുകണക്കിന് നിരപരാധികളെ മരണത്തിലേക്ക് നയിച്ച ജനറൽ ഡയറെ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് പുറത്താക്കി. എന്നിരുന്നാലും, ബ്രിട്ടനിലെ ബ്രിട്ടീഷ് അനുകൂല ജനസംഖ്യയിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു, അവർ അദ്ദേഹത്തെ ഒരു നായകനായി കണ്ടു. സമീപ വർഷങ്ങളിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഈ ദുരന്തത്തെ അംഗീകരിച്ചു, ഇന്ത്യാ സന്ദർശനവേളയിൽ "ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവം" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
Jallianwala Bagh
Jallianwala Bagh – Entrance to the ground
Jallianwala Bagh
Jallianwala Bagh – Museum
Jallianwala Bagh
Jallianwala Bagh – Museum

ഇടുങ്ങിയ വഴിയാണ് അതിനുള്ളിലേക്ക് കയറാനായി ഉണ്ടായിരുന്നത്. ഇരുവശത്തേയും ചുമരുകളിൽ വെടിവെപ്പിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഉള്ളിലെ മൈതാനത്തിൽ വളരെനന്നായി വൃക്ഷങ്ങളും പുൽച്ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. വളരെയധികം തിരക്കുണ്ടായിരുന്നു ഉള്ളിൽ. എല്ലാം നടന്നു കണ്ടു. മൈതാനത്തിന്റെ മധ്യ ഭാഗത്തായി ഒരു സ്മാരക സ്തൂപം ഉണ്ടായിരുന്നു. ചുറ്റിനും താമരക്കുളവും. അന്നുനടന്ന വെടിവയ്പ്പിൽ വെടിയുണ്ടകൾ തുളച്ചുകയറിയ ചില ഭിത്തികൾ ഇപ്പോഴും അവിടെ നിലനിർത്തിയിട്ടുണ്ട്. അന്നത്തെ ക്രൂരതയുടെ പൂർണ്ണ ദൃശ്യം വ്യക്തമാക്കാനായി.

Jallianwala Bagh
Jallianwala Bagh – The monument
Jallianwala Bagh
Jallianwala Bagh – The monument
Jallianwala Bagh
Jallianwala Bagh – The monument
Jallianwala Bagh
Jallianwala Bagh – Shoot marks

അടുത്തതായി തൊട്ടടുത്തെ പാർട്ടീഷൻ മ്യൂസിയം കാണാനായി തിരിച്ചു

1947-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സൃഷ്ടിയിൽ കലാശിച്ചു. ബ്രിട്ടീഷ് അഭിഭാഷകൻ സിറിൽ റാഡ്ക്ലിഫ് വരച്ച വിഭജനത്തിന്റെ രേഖകൾ, പഞ്ചാബ് സംസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമ പഞ്ചാബ്, കിഴക്കൻ പഞ്ചാബ് എന്നിങ്ങനെ വിഭജിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ അതിർത്തിയുടെ തെറ്റായ ഭാഗത്ത് പെട്ടുപോയി. വിഭജനം വ്യാപകമായ കലാപങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി, നിരവധി മരണങ്ങൾക്കും ലക്ഷക്കണക്കിന് വ്യക്തികളുടെ സ്ഥാനചലനത്തിനും കാരണമായി. വിഭജനം ബാധിച്ചവരെ അനുസ്മരിക്കുന്നതിനായി, പഞ്ചാബ് സർക്കാർ, യുണൈറ്റഡ് കിംഗ്ഡത്തിലെ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റുമായി സഹകരിച്ച്, ഈ സുപ്രധാന സംഭവത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം സ്ഥാപിച്ചു.
വിഭജനത്തെ തുടർന്ന് വളരെയധികം ആളുകൾക്ക് ഉണ്ടായ കഷ്ടപ്പാടുകളുടെയും അന്നത്തെ കലാപങ്ങളുടെയും നേർചിത്രം ഈ മ്യൂസിയത്തിൽ നമുക്ക് കാണുവാൻ കഴിയും. ഉറ്റവരും ഉടയവരും രണ്ടുരാജ്യത്തേക്കു ചിതറിപ്പോയവരുടെ അവസ്ഥ നമുക്ക് എത്രത്തോളം ഭാവനയിൽ കാണാൻ കഴിയും എന്ന് മാത്രമാണ് സംശയം.

സുവർണ്ണക്ഷേത്ര പരിസരം വൈകുന്നേരങ്ങളിൽ കാണുന്നതാവും നല്ലതു. അതിഭീകര ചൂടായിരുന്നു അവിടെ അനുഭവപ്പെട്ടത്. കാഴ്ചകാണലും വെയിലിലൂടെയുള്ള നടത്തവും അല്പമൊന്നുമല്ല ക്ഷീണിപ്പിച്ചത്.

രണ്ടുമണിയോടുകൂടി അവിടുത്തെ സന്ദർശനം അവസാനിപ്പിച്ചു.

വാഗാ അതിർത്തി

അതിനുശേഷം വാഗാ-അട്ടാരി അതിർത്തിയിലേക്ക് തിരിച്ചു. വ്യോമസേനയിലെ ബന്ധുവഴി പതാക താഴ്ത്തൽ ചടങ്ങിന് സീറ്റ് ബുക്ക് ചെയ്തിരുന്നു. പോകുന്ന വഴിയിൽ ഖാസയിലെ BSF സ്റ്റേഷനിൽ നിന്നും ഞങ്ങളുടെ ബുക്കിംഗ് നമ്പർ മേടിക്കാൻ ഉണ്ടായിരുന്നു. അതുമായി ചെന്നാൽ അതിർത്തിയിൽ നിക്കുന്നവർക്കു സഹായമാകും. അല്ലെങ്കിൽ വലിയ ലിസ്റ്റിൽനിന്നും ഞങ്ങളുടെ പേര് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്. ഖാസയിലെ പട്ടാളക്കാർ വളരെ സമാധാനപ്രിയർ ആയിരുന്നു. ഇന്നത്തെ ലിസ്റ്റ് അവിടെ എത്തിയിരുന്നില്ല. ഞങ്ങൾക്ക് വെയിറ്റ് ചെയ്യാൻ ഒരിടം കാണിച്ചു തന്നു. കേരളത്തിൽനിന്നാണെന്നു പറഞ്ഞപ്പോൾ കുറച്ചു മുൻപ് മറ്റൊരു ചെറിയ കൂട്ടം അങ്ങോട്ട് പോയിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടര കഴിഞ്ഞപ്പോൾ ലിസ്റ്റ് വന്നു. നമ്പർ നോക്കിയിട്ടു ഞങ്ങൾ തിരിച്ചു. മൂന്നുമണിയോടുകൂടി അതിർത്തിയിലെത്തി. എത്തിയ ഉടനെ ഒരാൾ വന്നു കൈയിൽ പതാകയുടെ പടം വരച്ചു നാല്പത് രൂപയും വാങ്ങി പോയി. അവിടത്തെ കെട്ടിടത്തിൽ ഹോട്ടലും നമ്മുടെ സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക് റൂമും ഉണ്ടായിരുന്നു. ബാഗ് അകത്തേക്ക് കയറ്റാൻ പറ്റില്ല. പക്ഷെ ഫോൺ, കാമറ, പേഴ്സ് മുതലായവ ഉള്ളിലേക്ക് കൊണ്ടുപോകാം.

Attari–Wagah border ceremony
Attari–Wagah border ceremony – Pakistan side before parade
Attari–Wagah border ceremony
Attari–Wagah border ceremony – Indian side

നാലുമണി കഴിഞ്ഞപ്പോൾ ഉള്ളിലേക്ക് കയറ്റുവാൻ തുടങ്ങി. വണ്ടി നിർത്തിയിടത്തുനിന്നും ഏകദേശം ഒരുകിലോമീറ്റർ ഉള്ളിലേക്ക് നടക്കാനുണ്ട്. ഖാസയിൽ നിന്ന് പറഞ്ഞ മലയാളികളെ ഇവിടെനിന്നും കണ്ടുമുട്ടി. പതാക താഴ്ത്തൽ നടക്കുന്ന സ്ഥലത്തു എത്തി. വളരെ നല്ല സ്ഥലത്തുതന്നെ ഇരിക്കുവാനും സാധിച്ചു. വളരെ വലിയ അടഞ്ഞ ഗേറ്റുകൾ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഭാഗത്ത് ഉണ്ടായിരുന്നു. അഞ്ചുമണിമുതൽ ആറുമണിവരെയാണ് ചടങ്ങ്. പക്ഷെ നാലര കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ പാട്ടുതുടങ്ങി. ഒരു BSF ജവാൻ അവിടെയിരുന്നു പലരെയും അവിടെ വിളിച്ചു നൃത്തം ചെയ്യിപ്പിക്കുകയൊക്കെ ചെയ്തു. വളരെ നല്ല ഒരു കാഴ്ചയായിരുന്നു. ദിവ്യയും അവിടത്തെ കൂട്ടത്തിൽ കുറച്ചു നേരം ആഘോഷിച്ചു.

Attari–Wagah border ceremony
Attari–Wagah border ceremony – Indian side seats
Attari–Wagah border ceremony
Attari–Wagah border ceremony

തൊട്ടപ്പുറത്ത് പാകിസ്ഥാന്റെ ഭാഗം വളരെ നിശബ്ദമായിരുന്നു. മാത്രമല്ല ആളുകളും വളരെ കുറവായിരുന്നു. ചുരുക്കം ചില VIP കളെ മാറ്റി നിർത്തിയാൽ സ്ത്രീകളും ഇല്ല. നേരെ തിരിച്ച് നമ്മുടെ ഭാഗത്ത് ഇതൊരു ആഘോഷമായിരുന്നു. പാട്ടും നൃത്തവും മറ്റുമായി സജീവം. കൃത്യസമയത്ത് ചടങ്ങുകൾ തുടങ്ങി. ആദ്യം ഗേറ്റുകൾ തുറന്നു. തുടർന്ന് ഇരുഭാഗത്തേയും സൈനികർ ആംഗ്യങ്ങളിലൂടെ പോർവിളിച്ചു.

Attari–Wagah border ceremony
Attari–Wagah border ceremony – Enjoying the parade
Attari–Wagah border ceremony
Attari–Wagah border ceremony – Dancing before parade

ഇവിടത്തെ ചടങ്ങ് ഇങ്ങനെയാണ്. ഇരുഭാഗത്തേയും സൈനികർ പരസ്പരം പോർവിളിക്കുകവും ആക്രോശിക്കുകയും ഏറ്റവും ഒടുവിൽ പതാകകൾ താഴ്ത്തി കൈകൊടുത്തു പിരിയുകയും ചെയ്യും. ഇതിനൊക്കെ അകമ്പടിയായി കാണികളുടെ ആരവങ്ങളും ഉണ്ടായിരുന്നു. നേരിട്ടു ഈ ചടങ്ങ് കാണുന്നത് ഒരു അനുഭവം തന്നെയാണ്. ആരവങ്ങൾ ഉണ്ടായേക്കുന്നതിൽ നമ്മൾ തന്നെ മുന്നിട്ടു നിന്നു. അല്ലെങ്കിലും നമ്മുടെ നാലിലൊന്നു ഇല്ലാത്ത അവിടത്തെ കാണികൾക്കു ഇവിടത്തെ ആയിരങ്ങളെ തോൽപ്പിക്കാൻ പറ്റില്ലല്ലോ. ആറുമണിയായപ്പോൾ ഇരുഭാഗവും സാവധാനം ഒരുമിച്ചു പതാകകൾ താഴ്ത്തുകയും അവ മടക്കി കൈയിൽ സൂക്ഷിച്ചതിനുശേഷം പരസ്പരം കൈകൊടുത്തു പിരിയുകയും ചെയ്തു.

Attari–Wagah border ceremony
Attari–Wagah border ceremony – Dancing before parade
Attari–Wagah border ceremony
Attari–Wagah border ceremony

പുറത്തിറങ്ങി ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഒരു എറണാകുളം രെജിസ്ട്രേഷൻ ബൈക്ക് കണ്ടു. അൽപനേരം കാത്തുനിന്നപ്പോൾ ആളിനെ കിട്ടി. പ്രബീൺ – കൊച്ചിക്കാരനാണ്. ഇപ്പോൾ ഗൾഫിൽനിന്നും അവധിക്കുവന്നിട്ടു കറങ്ങാൻ ഇറങ്ങിയതാ. അൽപനേരം സംസാരിച്ചു. നാളെ ഞങ്ങൾ ജമ്മുവിലെ ഖത്രയിലേക്കാണ് യാത്ര. ഒരുമിച്ചു പോകുവാൻ തീരുമാനിച്ചു.

ഭക്ഷണശേഷം വലിയ താമസമില്ലാതെ കിടന്നു. നാളെ ഖത്രയിലേക്ക് തിരിക്കണം.

(തുടരും…)

Read in English

You might also enjoy: