കുഞ്ഞായിരുന്നപ്പോൾ ചെയ്തിട്ടുള്ള യാത്രകളിൽ ഇപ്പോഴും മുഴുവനായി ഓർമയിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ഈ യാത്ര. 2000-2001 കാലഘട്ടം. ഞാൻ അഞ്ചാംക്ലാസ്സിലോ ആറാംക്ലാസ്സിലോ പഠിക്കുന്നു. ആ സമയങ്ങളിൽ അവധി കിട്ടുമ്പോൾ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോകുമായിരുന്നു.അച്ഛമ്മയുടെ കൂടെ നടന്നും K.S.R.T.C ബസിലുമൊക്കെയായി ഒരു കുഞ്ഞു യാത്ര. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് നിന്നും വെഞ്ഞാറമൂട് വരെ. അവിടെ എന്റെ യാത്രകൾക്കും വായനകൾക്കും ആവശ്യത്തിൽ കൂടുതൽ പ്രോത്സാഹനം തരാൻ അപ്ഫനും[1].
അങ്ങനെയുള്ള ഒരു ദിവസം ഞാനും അപ്ഫനും കൂടി പൊന്മുടി വരെ പോകാൻ തീരുമാനിച്ചു. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്(വിക്കിപീഡിയയിൽ നിന്ന്). അപ്ഫനൊരു രാജദൂത് ഉണ്ടായിരുന്നു അന്ന്. പക്ഷെ ഞങ്ങൾ പോയത് ബസിലാണ്. ബൈക്കിൽ മല കയറാനുള്ള ബുദ്ധിമുട്ടുകൊണ്ടാവാം. അങ്ങനെ രാവിലെ ഇറങ്ങി ആനവണ്ടിയിൽ കയറി കല്ലാർ ഇറങ്ങി. പൊന്മുടിയുടെ താഴ്വാരം. ഇന്നത്തെ പോലെ ഭീകരമായ തിരക്കുകൾ ഇല്ലാത്ത കല്ലാർ. ആദ്യമേ പൊന്മുടി പോകാൻ ആയിരുന്നു പദ്ധതി. പക്ഷെ മീൻമുട്ടി വെള്ളച്ചാട്ടം ഉണ്ട്എന്ന് അപ്ഫൻ പറഞ്ഞപ്പോൾ ആ പദ്ധതി മാറ്റി. അല്പം കാട്ടിലൂടെ നടക്കണം എന്നേയുള്ളു. അതിനു ഞങ്ങൾ രണ്ടുപേർക്കും കുഴപ്പവുമില്ല.

ഇന്ന് മീന്മുട്ടിയിലേക്കു കുറച്ചുദൂരമൊക്കെ വാഹനങ്ങൾ പോകും. പക്ഷെ അന്ന് ഒരു ബോർഡ് പോലും ഇല്ല. കാടിനുള്ളിലേക്ക് പോയാൽ എവിടെയോ ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ട് എന്നെ അറിയൂ. രണ്ടും കല്പിച്ചു കാടിനുള്ളിലേക്ക് കയറി. 1 -2 അടി വീതിയുള്ള ഒറ്റയടിപ്പാത. ഈറ വളർന്നു പന്തലിച്ചു നിൽക്കുന്നു. അല്പം ദൂരം ചെന്നപ്പോൾ ഒരാൾ ഈറക്കമ്പുകൾ വെട്ടുന്നത് കണ്ടു. അയാളോട് വഴി ചോദിച്ചു. കൂടെ വരാം, പക്ഷെ 50 രൂപ വേണം എന്നായി പുള്ളി. അത് വേണ്ട, വഴി പറഞ്ഞു തന്നാൽ മതി എന്ന് അപ്ഫൻ. ആ വഴി തന്നെ ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ മതി എന്ന് ആ ചേട്ടൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടും കൂടെ വീണ്ടും നടക്കാൻ തുടങ്ങി. ഇപ്പോ ആലോചിച്ചാൽ അല്പം ഭയം തോന്നും. ആ കാട്ടിൽ വെള്ളച്ചാട്ടം അന്വേഷിച്ചു ഞങ്ങൾ രണ്ടുപേർ. വന്യമൃഗങ്ങൾ എന്തേലും വന്നാൽ വിളിച്ചു കൂവിയാൽകൂടി ആരും കേൾക്കില്ല.
രണ്ടുപേർക്കു നിരന്നു നടക്കാൻ ഉള്ള സ്ഥലം വഴിക്കു ഇല്ല. അപ്ഫൻ മുന്നിലും ഞാൻ പുറകിലും. മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ മുകളിൽ കൂടെ ചാടിയും കൊഴിഞ്ഞു കിടക്കുന്ന ഇലയിൽ ചവിട്ടി വീഴാതെ സർക്കസ് കാണിച്ചും ഒക്കെ എങ്ങനെയൊക്കെയോ മുന്നോട്ടു നീങ്ങി. അല്പം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ വഴി തെറ്റിയോ എന്ന് സംശയമായി. തുടങ്ങിയപ്പോ ഉള്ളതുപോലെ തന്നെ ചെറിയ വഴിയും ഈറക്കാടും. ആരെയും ആ ഭാഗത്തെങ്ങും കാണാൻ ഇല്ല. എന്തായാലും ഇത്രയും ആയി. അല്പം കൂടി നടന്നുനോക്കാം എന്ന് കരുതി.
എന്തായാലും വളരെ കുറച്ചു ദൂരം കൂടെ നടന്നപ്പോൾ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. അപ്പോൾ ഉണ്ടായ സന്തോഷം. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. നടത്തത്തിനു ആവേശം കൂടി. അവസാനം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ഞങ്ങൾ രണ്ടു പേരും വെള്ളച്ചാട്ടവും മാത്രം. കുറെ നേരം അവിടെ ഇരുന്നു. ചുറ്റിനും മദ്യക്കുപ്പികളുടെ ചില്ലുകൾ. കാട് നശിപ്പിക്കാൻ വരുന്നവർ അന്നും ഇന്നും ഒരുപോലെ ഉണ്ട്. വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം കേട്ട് കുറെ നേരം അവിടെ ഇരുന്നിട്ട് തിരിച്ചു നടന്നു. തിരികെ കല്ലാർ എത്തിയപ്പോഴേക്കും വിശപ്പു അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. മീന്മുട്ടിയിലേക്കു കയറുന്ന വഴിയുടെ തുടക്കത്തിൽ ഉള്ള ഒരു പരന്ന പാറയുടെ മുകളിൽ ഇരുന്നു ഇലയിൽ പൊതിഞ്ഞു കൊണ്ടുവന്ന ദോശ ചമ്മന്തി കൂട്ടി കഴിച്ചു. കൂടെ കുടിക്കാൻ രണ്ടര ലിറ്ററിന്റെ കുപ്പിയിൽ നല്ല സംഭാരവും.
ഭക്ഷണശേഷം അല്പം ഇരുന്നു വിശ്രമിച്ചു.

പൊന്മുടി ബസ് വന്നപ്പോൾ അതിൽ കയറി. വളരെ കുറച്ചു ആൾക്കാരെ ഉണ്ടായിരുന്നുള്ളു. ജീവിതത്തിൽ ആദ്യമായി ഹെയർപിൻ വളവുകൾ കയറി. അത്ഭുതത്തോടെ കാട് കണ്ടു. 22 വളവുകൾ ആനവണ്ടി പുഷ്പംപോലെ കയറി. മുകളിൽ ഇറങ്ങി കുറെ ദൂരം നടന്നു. പൊന്മുടിയിലെ മഞ്ഞും തണുപ്പും വേണ്ടുവോളം ആസ്വദിച്ചു. പുൽമേടുകളും മൊട്ടക്കുന്നുകളും കയറിയിറങ്ങി. ബാക്കി വന്ന ഭക്ഷണവും കഴിച്ചു. അവിടുത്തെ കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോൾ തിരിച്ചു പോകാം എന്ന് കരുതി.
നോക്കിയപ്പോൾ ബസ് ഉടനെ ഇല്ല. “നമുക്ക് നടന്നു കല്ലാർ വരെ പോയാലോ?” അപ്ഫന്റെ ചോദ്യം. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ സമ്മതിച്ചു. അങ്ങനെ അവിടുന്ന് നടക്കാൻ തുടങ്ങി. 22 ഹെയർപിൻ വളവുകൾ നടന്നു ഇറങ്ങുന്നത് ബുദ്ധിയല്ല. നല്ല ദൂരം ഉണ്ട്. അതുകൊണ്ടു കാട്ടിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയും ഇറങ്ങി. നല്ല ഇറക്കം. ചില സ്ഥലങ്ങളിൽ ഇരുന്നു നിരങ്ങി. തൊഴിലാളികളുടെ ലയങ്ങൾ ഉണ്ടായിരുന്നു. അവരൊക്കെ അത്ഭുതത്തിൽ നോക്കുന്നത് കാണാൻ ഒരു രസം. ഒരുപാടുപേരോടു സംസാരിച്ചു. അവരുടെ വീട്ടിൽ നിന്നിരുന്ന പൂച്ചെടികളുടെ കമ്പുകളും തൈകളും ഒക്കെ മേടിച്ചു. അങ്ങനെ നടന്നു നടന്നു അവസാനം കല്ലാർ എത്തി.
സന്ധ്യ ആകാറായി എന്നാണ് ഓർമ. തിരിച്ചു ബസിൽ കയറി വെഞ്ഞാറമൂട് വന്നു. പിന്നെ കുറെ കാലത്തേക്ക് പൊൻമുടിയിൽ നിന്നും നടന്നു വന്ന കഥ കൂട്ടുകാരോട് പറഞ്ഞു അവരെ അമ്പരിപ്പിച്ചിരുന്നത് ഇന്നും ഓർമയുണ്ട്.
യാത്രകളുടെ കൂട്ടത്തിൽ ഇന്നും ഏറ്റവും പ്രിയപ്പെട്ടതാണ് ഈ യാത്ര. ഒരുതരത്തിൽ ജീവിതത്തിലെ ആദ്യത്തെ കാട് യാത്ര, സാഹസിക യാത്ര………
[1 ] – അച്ഛമ്മയുടെ അനിയത്തിയുടെ മകൻ. അച്ഛന്റെ അനിയന്റെ സ്ഥാനം.