രണ്ടാം ഭാഗം വായിക്കാത്തവർക്ക് ഇവിടെ വായിക്കാം – അഗസ്ത്യകൂടം യാത്ര -രണ്ടാം ഭാഗം
രണ്ടാമത്തെ യാത്രക്കുശേഷം പിന്നീട് ശ്രമിച്ചപ്പോഴെല്ലാം ടിക്കറ്റ് ലഭിക്കാതെ നിരാശപ്പെടേണ്ടി വന്നു. ഒരു വർഷം നാട്ടിൽനിന്നു മാറി നിന്നതിനാൽ ആ വർഷവും പോകാൻ കഴിഞ്ഞില്ല. ഒടുവിൽ 2018 ഇൽ ഞങ്ങൾ കുറച്ചുപേർ ചേർന്ന് വീണ്ടും പോകാനുള്ള തീരുമാനമെടുത്തു. ഞാൻ, പരമേശ്വരൻ, കേശവൻ, ഹരിശങ്കർ, രാകേഷ്, ജിഷ്ണു, വിഷ്ണു, മുഹമ്മദ് റബിയത്ത്, സെനിത് എന്നിങ്ങനെ ഒൻപതുപേരായിരുന്നു ആ സംഘത്തിൽ. ഇതിൽ റബിയത്തും സെനിത്തും ഒഴികെ ഞങ്ങൾ എല്ലാവരും ബന്ധുക്കൾ ആയിരുന്നു. സാധാരണ ബുക്കിംഗ് തുടങ്ങി അല്പസമയത്തിനുള്ളിൽ ടിക്കറ്റ് തീർന്നുപോകാറുണ്ട്. എല്ലാവരുടെയും വിവരങ്ങൾ കൊടുത്ത് ടിക്കറ്റ് എടുക്കാൻ ആകുമ്പോൾ തീർന്നുപോയി എന്ന് കാണിക്കുമോ എന്നൊരു പരിഭ്രമം എല്ലാവര്ക്കും ഉണ്ടായിരുന്നു. ഭാഗ്യത്തിന് ടിക്കറ്റ് ലഭിച്ചു. ഫെബ്രുവരി 2, 3, 4 തീയതികളിൽ ആണ് യാത്ര.
ഒന്നാം ദിവസം
രാവിലെ ഹരിയുടെ അച്ഛനും ജിഷ്ണുവിന്റെ അച്ഛനും കൂടി രണ്ട് കാറുകളിലായി 7 മണിയോടുകൂടി ഞങ്ങളെ ബോണക്കാട് എത്തിച്ചു. ഉച്ചവരെയുള്ള ഭക്ഷണം കയ്യിൽ കരുതിയിരുന്നു. പ്രഭാത ഭക്ഷണം അവിടെനിന്നു കഴിച്ചു. ശേഷം ഞങ്ങളുടെ ടിക്കറ്റ് പരിശോധന ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ അനാവശ്യമായ പ്ലാസ്റ്റിക് എല്ലാം അവിടെ ഉപേക്ഷിക്കേണ്ടി വന്നു പലർക്കും. ഞങ്ങൾക്ക് അനുഭവം ഉള്ളതിനാൽ അത്തരം ഒന്നും തന്നെ കരുതിയിരുന്നില്ല. വെള്ളം കരുതാനുള്ള പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ ഉണ്ടായിരുന്നു. അതിനു ഒരു ചെറിയ തുക അവിടെ അടക്കേണ്ടി വന്നു. തിരിച്ചു വരുമ്പോൾ കുപ്പി കാണിച്ചാൽ ആ പണം തിരികെ ലഭിക്കും.

യാത്ര തുടങ്ങുന്നതിന് മുൻപ് അവിടത്തെ ഓഫീസറിന്റെ വകയായി ചെറിയ ഒരു ക്ലാസ് ഉണ്ടായിരുന്നു. വനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റുമായി ഒരു ചെറിയ വിവരണം. ഏകദേശം എട്ടുമണിയോടുകൂടി നടക്കാൻ ആരംഭിച്ചു. പത്തുരൂപ നൽകി എല്ലാവരും ഓരോ ഈറ്റക്കമ്പുകൾ സ്വന്തമാക്കി. നടക്കുമ്പോൾ വളരെയധികം സഹായിക്കുന്നവയാണ് ഈ വടികൾ. ഭാരം കാലിൽ മാത്രം വരാതിരിക്കാനും കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും ബാലൻസ് കിട്ടാനും ഉപകരിക്കും. ആദ്യത്തെ കുറച്ചുദൂരം ഈ വടികൾക്ക് പണിയൊന്നുമില്ല. നിരന്ന വഴിയാണ്. കഴിഞ്ഞ തവണകളിൽ കുളിച്ച അതേ വെള്ളച്ചാട്ടത്തിൽ കുളിച്ചു നടത്തം തുടർന്നു. ഇത്തവണ ഉച്ചഭക്ഷണം അവിടുന്ന് കഴിച്ചില്ല. അല്പം കൂടി മുന്നോട്ട് ചെന്നിട്ടാവാം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കൂട്ടത്തിൽ പലരും ആദ്യത്തെ തവണ ആയിരുന്നു.




പുൽമേട് കഴിഞ്ഞുള്ള വനത്തിൽ ഒരു ചെറിയ അരുവി കണ്ടു. അതിന്റെ തീരത്തിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. എല്ലാവരും വിശന്നു അവശരായിരുന്നു. രണ്ടുമണിയോളം ആയിരുന്നു അപ്പോഴേക്കും. പുൽമേട്ടിൽ എവിടെയും തണൽ ഇല്ലാതിരുന്നതിനാൽ കഴിക്കാൻ സാധിച്ചിരുന്നില്ല. ഭക്ഷണശേഷം അല്പം വിശ്രമിച്ചു. ഒഴിഞ്ഞ കുപ്പികളിൽ അരുവിയിലെ ജലവും നിറച്ച് നടത്തം തുടർന്നു. അന്ന് കയറിയവരിൽ ഏറ്റവും ഒടുവിൽ അതിരുമല എത്തിയത് ഞങ്ങളായിരുന്നു എന്നാണു വിശ്വാസം. കഴിഞ്ഞ തവണകളിൽ വന്നപ്പോൾ ഉണ്ടായിരുന്ന കോൺക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. പകരം ഇപ്പോൾ തകരം കൊണ്ടുള്ള വലിയ ഒരു മുറിയാണ്. മറ്റു ഷെഡ്ഡുകൾക്കും വ്യത്യാസമുണ്ട്. ഓലയ്ക്കും ടാർപ്പോളിനും പകരം അവയും തകരത്തിലേക്കു മാറിയിരുന്നു. ചെറിയ ഒരു ഉറക്കത്തിനുശേഷം വൈകുന്നേരം ചുക്കുകാപ്പി കുടിച്ചു. കൂടെ നല്ലപരിപ്പുവടയും. അത്താഴത്തിനുള്ള കൂപ്പണും മേടിച്ചു വച്ചു. തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചതോടുകൂടി അന്നത്തെ നടത്തത്തിന്റെ ക്ഷീണം ഒരു പരിധിവരെ കുറഞ്ഞു. അത്താഴസമയം ആകുന്നതുവരെ പണ്ട് വന്ന അനുഭവങ്ങളും കൂട്ടത്തിൽ ഉള്ളവരുടെ യാത്രാനുഭവങ്ങളും പങ്കുവച്ചു സമയം തള്ളി നീക്കി. നേരത്തെ തന്നെ അത്താഴം കഴിച്ചു ഉറക്കമായി.



രണ്ടാം ദിവസം
ഉറക്കം ശരിയായില്ല എന്ന് പലരും അടുത്ത ദിവസം പറഞ്ഞു. പക്ഷെ എല്ലാവരും തന്നെ നേരത്തെ എഴുന്നേറ്റ് യാത്രക്ക് തയ്യാറായി. ഭക്ഷണത്തിനു ശേഷം ഉച്ചഭക്ഷണവും എടുത്ത് കുപ്പികളിൽ വെള്ളവും നിറച്ച് അന്നത്തെ നടത്തം ആരംഭിച്ചു. ഈറ്റക്കാടുകളുടെ ഇടയിലൂടെയുള്ള നടത്തത്തിൽ ഒരു സ്ഥലത്തു ആന മൺതിട്ട കുത്തിയിളക്കി ഇട്ടിരിക്കുന്നത് കണ്ടു. കൊമ്പുകയറിയ പാടൊക്കെ തെളിഞ്ഞു കാണാമായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വെയിൽ നന്നായി ഉണ്ടായിരുന്നെങ്കിലും തണുത്ത കാറ്റുകാരണം ക്ഷീണം വലുതായി അനുഭവപ്പെട്ടില്ല. പതിവുപോലെ പൊങ്കാലപ്പാറയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. കുറച്ചുകൂടി മുകളിലേക്ക് ചെന്നപ്പോൾ ഒരുസ്ഥലത്ത് ഉണങ്ങിയ മണ്ണിൽ കാട്ടുപോത്തുകളുടെ കുളമ്പടയാളങ്ങൾ കണ്ടു. പണ്ട് കണ്ടുവെച്ചിരുന്ന, മരുന്നുകൾ തയ്യാറാക്കുന്ന കുഴികൾ എല്ലാവർക്കും കാണിച്ചു കൊടുത്തു. കഴിഞ്ഞ തവണത്തേതിലും കൂടുതൽ ഇടങ്ങളിൽ ഇപ്പോൾ കയറുകൾ ഇട്ടിട്ടുണ്ടായിരുന്നു. അതുകാരണം വളരെ എളുപ്പത്തിൽ കയറാൻ കഴിഞ്ഞു. അങ്ങനെ കയറി മുകളിലെത്തി. പണ്ട് എല്ലാവര്ക്കും അഗസ്ത്യസന്നിധിയിൽ പൂജ നടത്താമായിരുന്നു.ഇപ്പോൾ അത് മാറിയിട്ടുണ്ട്. അവിടുത്തെ കാണികൾക്കുമാത്രമേ ആ അവകാശമുള്ളൂ. അരമണിക്കൂറോളം അവിടെ വിശ്രമിച്ചതിനുശേഷം തിരികെ ഇറങ്ങാൻ ആരംഭിച്ചു.





കൈയിലുള്ള വെള്ളം ഇടക്കുവച്ച് തീർന്നുപോയിരുന്നു. പിന്നെ ഏതോ ചെറിയ അരുവിയിൽനിന്നും നിറച്ചു. ആ അരുവി കാണുന്നതുവരെ എല്ലാവരും ദാഹിച്ചു വലഞ്ഞു. ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ അതിരുമല എത്തി. ഊണിനുശേഷം ഒന്നുറങ്ങി. വൈകുന്നേരത്തെ ചായയും കടിയും കൂടെ ഒരു കുളിയും കൂടെ കഴിഞ്ഞപ്പോൾ ക്ഷീണത്തിനു കുറവായി. വിശേഷങ്ങൾ പറഞ്ഞു സമയം തള്ളി നീക്കി. അത്താഴത്തിനു ശേഷം എല്ലാവരും നേരത്തെ ഉറക്കമായി.
മൂന്നാം ദിവസം
ഇറക്കം ഇറങ്ങുന്നതിനിടയിൽ രാകേഷിന്റെയും പരമേശ്വരന്റെയും കാലിൽ മസിൽ പിടിച്ചു. ഇറങ്ങുന്നതിന്റെ വേഗത അതുകാരണം അല്പം കുറഞ്ഞു. വെയിലും ക്ഷീണവും കാരണം എല്ലാവരും നന്നായി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. വീണ്ടും കുപ്പികളിലെ വെള്ളം തീർന്നു. ഒരു അരുവി കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടി. അല്പദൂരത്തിനു ശേഷം കണ്ട ചെറിയ അരുവിയിൽനിന്നും വെള്ളം ശേഖരിച്ചു. കയറിയപ്പോൾ ഉച്ചഭക്ഷണം കഴിച്ച സ്ഥലത്തുനിന്നും തന്നെ ഇപ്പോഴും കഴിച്ചു. സാവധാനം ബോണക്കാട് എത്തിയപ്പോൾ ഞങ്ങൾക്ക് പോകാനുള്ള വണ്ടി തയാറായിരുന്നു.
മൂന്നു തവണ അഗസ്ത്യകൂടം പോയെങ്കിലും ഓരോ തവണയും പുതിയ അനുഭവങ്ങളായിരുന്നു. പോയതിൽ ഏറ്റവും സമയമെടുത്ത് പോയത് ഈ യാത്രയിൽ ആയിരുന്നു. ഞാൻ ഉൾപ്പെടെ മിക്കവരും IT കമ്പനികളിൽ ജോലി ചെയ്യുന്നവരും വ്യായാമം തീരെ കുറഞ്ഞവരും ആയിരുന്നു. അത് ഞങ്ങളുടെ വേഗതയെ നന്നായി തന്നെ ബാധിച്ചിരുന്നു. കൂട്ടത്തിൽ തീരെ ക്ഷീണം ഇല്ലാതെ കയറിയത് റബിയത്ത് ആയിരുന്നു. ഞങ്ങൾ ക്ഷീണിച്ചു അവശരായി ഇരിക്കുമ്പോൾ അവൻ അവിടെ സെൽഫി എടുക്കുകയാവും. ഇപ്പോൾ പലരും പല സ്ഥലങ്ങളിൽ ആയി. പലരും കേരളത്തിന് പുറത്തും. അടുത്ത തവണ ഒരുമിച്ചു കൂടുമ്പോൾ അവസരം കിട്ടിയാൽ വീണ്ടും ഇങ്ങനെ ഒരു യാത്ര ചെയ്യണം.



(അവസാനിച്ചു…)
രണ്ടാം ഭാഗം വായിക്കാത്തവർക്ക് ഇവിടെ വായിക്കാം – അഗസ്ത്യകൂടം യാത്ര -രണ്ടാം ഭാഗം