ഒന്നാം ഭാഗം വായിക്കാത്തവർക്ക് ഇവിടെ വായിക്കാം – അഗസ്ത്യകൂടം യാത്ര – ഒന്നാം ഭാഗം

2002 ലെ യാത്രക്ക് ശേഷം പലതവണ പോകണം എന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അതു മുടങ്ങിക്കൊണ്ടിരുന്നു. കോളേജ് പഠനകാലങ്ങളിലും പലവട്ടം ശ്രമിച്ചു. എന്തുകൊണ്ടോ പിന്നെ അഗസ്ത്യകൂടം യാത്ര നടന്നില്ല. അങ്ങനെയിരുന്നപ്പോൾ 2014 ഇൽ അമ്മാവന്റെ വിളി വന്നു. അഗസ്ത്യകൂടം ബുക്കിംഗ് ഓൺലൈൻ വഴി ആക്കി എന്ന വാർത്തയും കൊണ്ട്. വിളിച്ചതിനു 2 ദിവസത്തിന് ശേഷം ബുക്കിംഗ് തുടങ്ങി. ജനുവരി 14 ആണെന്നാണ് ഓർമ്മ. അന്ന് തന്നെ രാവിലെ കയറി ബുക്ക് ചെയ്തു. ഫെബ്രുവരി 1 മുതൽ 3 വരെ. ഞാനും അമ്മാവനും പിന്നെ പ്രശാന്ത് അമ്മാവനും. പ്രശാന്ത് അമ്മാവൻ ഏറ്റവും കുറഞ്ഞത് വർഷത്തിൽ മൂന്നു യാത്ര പോകുന്ന ആളാണ്. ഞങ്ങളുടെ ആദ്യ യാത്രയിലും ഉണ്ടായിരുന്നു. ഓൺലൈൻ ആയപ്പോൾ ഗ്രൂപ്പിൽ പത്തുപേർ എന്ന നിബന്ധന മാറി. അതുകാരണം ഞങ്ങൾക്ക് മൂന്നു പേർക്കായി ടിക്കറ്റ് കിട്ടി. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷമാണ് പഠിത്തം കഴിഞ്ഞിരുന്ന എനിക്ക് ജോലി ശരിയായത്. എനിക്ക് അഗസ്ത്യകൂടം പോകാൻ അവധി തരണം എന്ന് ഓഫീസിൽ പറഞ്ഞു. അവർ സമ്മതിച്ചു. പോകുന്നതിനു തലേദിവസം അവർ രണ്ടുപേരും എന്റെ വീട്ടിൽ എത്തി.
ഒന്നാം ദിവസം
രാവിലെ കാറിൽ പുറപ്പെട്ടു. നെടുമങ്ങാട് പാർക്ക് ചെയ്തതിനു ശേഷം അഞ്ചുമണിയോടെ ബോണക്കാട് ബസ് പിടിച്ചു. ബോണക്കാട് ഇറങ്ങി വനംവകുപ്പിന്റെ ഓഫീസിലേക്ക് പോയി. അവിടെ ഒരു ചെറിയ കാന്റീൻ ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഉച്ചഭക്ഷണം അവിടുന്ന് മേടിച്ചു. ഏകദേശം നൂറുപേരോളം അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം പരമാവധി നൂറുപേർക്കാണ് അവസരം. ചെക്കിങ് സമയത്തു കൈയിൽ അധികമായി ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവർ എല്ലാം അവിടെ പിടിച്ചു വച്ചു. കാടിനെ മലിനമാക്കാതിരിക്കാനുള്ള മുൻകരുതൽ. മദ്യവും അനുവദനീയമല്ല. അതും പരിശോധിക്കുന്നുണ്ട്. എട്ടുമണിയോടുകൂടി നടത്തം ആരംഭിച്ചു. തുടക്കത്തിലെ വഴിക്കു അല്പം വീതി കൂടിയതൊഴിച്ചാൽ ബാക്കി എല്ലാം പണ്ട് പോയതുപോലെ തന്നെ. അന്ന് കുളിച്ച വെള്ളച്ചാട്ടത്തിൽ തന്നെ കുളിച്ചു. ഫെബ്രുവരി മാസം ആയതിനാലാവും, വെള്ളം കുറവായിരുന്നു. ഭക്ഷണവും അവിടുന്ന് കഴിച്ചു. പ്രശാന്ത് അമ്മാവന്റെ കൈയിൽ കൊക്കോകോള, സ്നിക്കേഴ്സ് ഒക്കെ ഉണ്ടായിരുന്നു. മുന്നോട്ടുള്ള നടത്തത്തിൽ, കോളയിലെ പഞ്ചസാര ഷീണം പെട്ടന്ന് മാറ്റാൻ നന്നായി സഹായിച്ചു. സ്നിക്കേഴ്സ് ഉണ്ടായിരുന്നത് കാരണം വിശപ്പും കുറയ്ക്കാൻ പറ്റി. ബോണക്കാടുനിന്നും തലയിലും കയ്യിലും സാധനങ്ങളുമായി 2 ചേട്ടന്മാർ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗൈഡുമാർ. എന്നും കയറിയിറങ്ങുന്ന അവർക്കു ഈ മല പുഷ്പം പോലെ കയറിപ്പോകാൻ പറ്റുന്നുണ്ടായിരുന്നു. ഇവർ എത്തിക്കുന്ന അരിയും സാധനങ്ങളുമാണ് നമുക്ക് മുകളിൽ ചെല്ലുമ്പോൾ കിട്ടുന്ന ഭക്ഷണമായി മാറുന്നത്. ഞങ്ങളുടെ പതുക്കെയുള്ള നടത്തം കാരണം അവർ ഒക്കെ മുൻപേ പോയി. ഞങ്ങൾ മൂന്നുപേരും കൂടി ആസ്വദിച്ചു നടന്നു.

ഏകദേശം രണ്ടരയോടുകൂടി അതിരുമല എത്തിച്ചേർന്നു. പണ്ട് വന്നപ്പോൾ രണ്ടുദിവസംകൊണ്ട് കയറി ഇറങ്ങി. ഇപ്പോൾ എല്ലാം മൂന്നു ദിവസം ആയി. അതുകൊണ്ടുതന്നെ പോയി വന്നവരും ഇപ്പോൾ കയറിവന്ന ഞങ്ങളും ഒക്കെയായി അത്യാവശ്യം ആൾക്കൂട്ടം ഉണ്ടായിരുന്നു. കോൺക്രീറ്റ് കെട്ടിടത്തിന് പുറമെ താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡുകളും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ഷെഡ്ഡിൽ ഞങ്ങൾ അവിടുന്ന് കിട്ടിയ പായ വിരിച്ചു സ്ഥലം പിടിച്ചു. കോൺക്രീറ്റ് കെട്ടിടത്തിൽ കിടക്കാത്തതിന് കാരണം ഉണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന രീതിയിൽ മുഴുവൻ വിണ്ടുകീറിയ അവസ്ഥയിൽ ആയിരുന്നു ആ കെട്ടിടം. എന്നിട്ടും കുറച്ചുപേർ അതിനുള്ളിൽ കിടക്കുന്നുണ്ടായിരുന്നു.

ക്ഷീണം കാരണം ഒന്നുറങ്ങി. വൈകുന്നേരം കട്ടൻചായയും കുടിച്ചു അത്താഴവും ബുക്ക് ചെയ്തതിനുശേഷം അവിടെ ചുറ്റിക്കറങ്ങി നടന്നു. ഇപ്പോൾ കുളിമുറികളും കക്കൂസുകളും ഒക്കെ പണിഞ്ഞിട്ടുണ്ടായിരുന്നു. കാടിനെ മലിനമാക്കേണ്ട ആവശ്യമില്ല. വശത്തു കുറച്ചുപേരുടെ മദ്യപാനം കണ്ടു. പിടിപാടുള്ളവരോ മറ്റോ ആവും. അല്ലെങ്കിൽ ബോണക്കാടുനിന്നും തന്നെ ഇത് കണ്ടുപിടിക്കേണ്ടതായിരുന്നു. അത്താഴം നേരത്തെ കഴിച്ചു കിടന്നു.

കാറ്റിന്റെ ഹുങ്കാരം കേട്ടുകൊണ്ട് എപ്പഴോ ഒന്ന് ഉണർന്നു. അതിശക്തിയായി കാറ്റുവീശുന്നു. അകത്തേക്ക് കാറ്റുവരുന്നില്ല, എങ്കിലും ഞങ്ങൾ കിടന്ന കൂടാരം ശക്തിയായി ആടുന്നുണ്ടായിരുന്നു. ഒന്ന് ഭയന്നു. പക്ഷെ ആ ഭയം നീണ്ടുപോയില്ല. എങ്ങനെയോ വീണ്ടും ഉറങ്ങിപ്പോയി.




രണ്ടാം ദിവസം
രാവിലെ നേരത്തെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങളും ഭക്ഷണവും കഴിഞ്ഞു പോകാൻ തയ്യാറായി. രാവിലെ തന്നെ നല്ല മഞ്ഞും തണുപ്പും ആയിരുന്നു. കഴിഞ്ഞ തവണ സാധാരണ കാലാവസ്ഥ ആയിരുന്നു. ആ മഞ്ഞിലൂടെ നടത്തം തുടങ്ങി. ഒരു 30 മീറ്റർ അപ്പുറത്തുള്ളയാളിനെ കാണാൻ പറ്റാത്ത രീതിയിൽ കോടമഞ്ഞുണ്ടായിരുന്നു. ഈറ്റക്കാടിലൂടെയുള്ള നടത്തത്തിലായിരുന്നു ഈ മഞ്ഞുകാരണം ഭയം ഉണ്ടായത്. ആനപ്പേടി ആയിരുന്നു. വഴിമുഴുവനും ആനപ്പിണ്ടവും കൂട്ടത്തിൽ കോടയും. നടന്നു നടന്നു ഒടുവിൽ പൊങ്കാലപ്പാറ എത്തി. അവിടെയും ഒന്നും കാണാൻ ഇല്ല.സാധാരണഗതിയിൽ ഇനി കയറിപ്പോകാൻ ഉള്ള ദൂരം മുഴുവൻ അവിടുന്ന് ഏകദേശം കാണാം. ഭക്ഷണശേഷം നടത്തം തുടർന്നു.അതിശക്തമായ കാറ്റും കോടമഞ്ഞും. മഴ ഇല്ലെങ്കിലും ഇട്ടിരുന്ന വസ്ത്രവും ക്യാമറയും മഞ്ഞുകൊണ്ട് നനഞ്ഞു. കുള്ളൻ മരങ്ങളുടെ ഇടയിലൂടെ ഉള്ള കയറ്റം കയറൽ അല്പം ബുദ്ധിമുട്ടായിരുന്നു. മഞ്ഞുവെള്ളം വീണു തറ മുഴുവൻ തെന്നുന്നുണ്ടായിരുന്നു. ഓരോ മരങ്ങളിൽ പിടിച്ചു അവസാനത്തെ കയറ്റങ്ങൾ തുടങ്ങുന്ന ഭാഗത്തെത്തി. ചെരുപ്പ് അഴിച്ചു വെച്ച് ആ കയറ്റം കയറി തുടങ്ങി. ഇത്തവണ എല്ലാ കയറ്റങ്ങളിലും പ്ലാസ്റ്റിക് കയറും ഇരുമ്പു കയറും ഇട്ടിട്ടുണ്ടായിരുന്നു. ശക്തിയായി തള്ളുന്ന കാറ്റിൽകൂടി മുകളിൽ അഗസ്ത്യ സന്നിധിയിൽ എത്തി.



ഞങ്ങൾക്ക് മുൻപ് കയറിയവർ ഒരുപാട് സാധനങ്ങളുമായിട്ടായിരുന്നു കയറിയത്. അതുമുഴുവൻ അഗസ്ത്യമുനിക്കുള്ള പൂജാദ്രവ്യങ്ങൾ ആയിരുന്നു. അവർ എല്ലാവരും കൂടി അഗസ്തവിഗ്രഹത്തിലെ പഴയ മാലകളും മഞ്ഞൾപ്പൊടിയും മാറ്റി അഭിഷേകം ചെയ്ത് പുതിയ മാലകൾ അർപ്പിച്ചു. കുറെ പഴങ്ങൾ കൊണ്ട് പ്രസാദവും ഉണ്ടാക്കി. ഒരു വിഹിതം ഞങ്ങൾക്കും കിട്ടി. വിശന്നിരിക്കുന്നവന് അമൃത് കിട്ടിയതുപോലെ ഉണ്ടായിരുന്നു. അത്രയ്ക്ക് സ്വാദ്. അരമണിക്കൂറോളം ഇരുന്നതിനുശേഷം തിരിച്ചിറങ്ങി.നനഞ്ഞ ക്യാമറ തുടച്ചു ബാഗിൽ വെച്ചു. തെന്നുന്ന വഴിയിലൂടെ കഷ്ടപ്പെട്ട് ഇറങ്ങി അതിരുമല എത്തി. കഞ്ഞിയും പയറും കഴിച്ചു ഉറക്കമായി. വൈകുന്നേരവും മഞ്ഞുമൂടി നിന്നു. ശക്തിയായ കാറ്റും. അത്താഴം നേരത്തെ കഴിച്ചു ഉറങ്ങാൻ കിടന്നു. ഇന്നലെ രാത്രി പോലെ തന്നെ അതിശക്തമായ കാറ്റുണ്ടായിരുന്നു. അരണ്ട വെളിച്ചത്തിൽ കൂടാരം ഇടംവലം ആടുന്നത് കാണാമായിരുന്നു. ടാർപോളിൻ ഷീറ്റിൽ കാറ്റടിക്കുന്നതിന്റെ ശബ്ദവും. പക്ഷെ നന്നായി ഉറങ്ങി.



മൂന്നാം ദിവസം
ഉണർന്നപ്പോൾ കണ്ടത് തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഉച്ചഭക്ഷണവും വാങ്ങി മല ഇറങ്ങാൻ തുടങ്ങി. സാവധാനം ഇറങ്ങി. ഇടക്ക് ഒരു ഇറക്കത്തിൽ അമ്മാവന്റെ കാലുതെന്നി. ഒന്നുരണ്ട് കരണം മറിഞ്ഞു. പക്ഷെ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. എന്റെ ചെരിപ്പും പൊട്ടി. കഴിഞ്ഞ ദിവസത്തെ മഞ്ഞിൽ അത് നനഞ്ഞു കുതിർന്നിരുന്നു. ബോണക്കാട് വന്നപ്പോൾ ഉടനെ ഒന്നും താഴേക്കു ബസ് ഇല്ല. കുറച്ചു നേരം അവിടെ ഇരുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ കയറാൻ ഉണ്ടായിരുന്ന ഒരു ചേട്ടൻ കാറിൽ തിരിച്ചു വരുന്നത് കണ്ടു. അതിൽ കയറി ഞങ്ങൾ വിതുര ഇറങ്ങി. അവിടുന്ന് നെടുമങ്ങാട്. അവർ രണ്ടുപേരും അവിടുന്ന് ബസിൽ കൊട്ടാരക്കരക്കും(പ്രശാന്ത് അമ്മാവൻ) കോട്ടയത്തിനും(അമ്മാവൻ) പോയി. നാളെ ഓഫീസിൽ പോകണമല്ലോ എന്ന് ചിന്തിച്ചു കാറും എടുത്ത് ഞാനും വീട്ടിലേക്കു പോയി.
(തുടരും…)
ഒന്നാം ഭാഗം വായിക്കാത്തവർക്ക് ഇവിടെ വായിക്കാം – അഗസ്ത്യകൂടം യാത്ര – ഒന്നാം ഭാഗം