കേൾക്കുമ്പോൾത്തന്നെ കൗതുകം തോന്നുന്ന ഒരു പേര് – വരയാട്ടുമൊട്ട. വരയാട്ടുമൊട്ടയോ? അതെന്ത് മൊട്ട എന്ന് ആലോചിക്കാൻ വരട്ടെ. തിരുവനന്തപുരം ജില്ലയിൽ പൊന്മുടി മലനിരകളിലുള്ള അത്യാവശ്യം തരക്കേടില്ലാത്ത ഉയരമുള്ള ഒരു മലയാണിത്. വരയാടുമുടി എന്നും പറയാറുണ്ട്. കഠിനമായ ട്രെക്കിങ്ങ് പാതയാണ്. ഇരുവശത്തേക്കും കൂടി ഏകദേശം 14 കിലോമീറ്ററോളം നടക്കാനുണ്ട്. ദൂരവും സമയവും കൂടുതലാവുന്ന മറ്റൊരു വഴിയും ഉണ്ട്. അത് മങ്കയം വഴിയാണ്. ഞങ്ങൾ ചെറിയ വഴി തിരഞ്ഞെടുത്തു. കേരളത്തിൽ ഇരവികുളം കഴിഞ്ഞാൽ വരയാടുകളെ കാണാൻ സാധിക്കുന്ന ഇടമാണ് വരയാട്ടുമൊട്ട. ഇവരുടെ സാന്നിധ്യമാണ് ഈ പേരിനു കാരണവും. പക്ഷെ ഇരവികുളത്തെ വരയാടുകളെപ്പോലെ മനുഷ്യനെ കണ്ടു ശീലിച്ചവയല്ല ഇവിടെയുള്ളവ. നമ്മുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടനെ അവർ ഓടി മറയും.

ഹരിയാണ് ഈ ട്രെക്കിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി. ഞാൻ,ഹരിശങ്കർ, അരവിന്ദ്, അനു കൃഷ്ണൻ, രാകേഷ് എന്നിവരായിരുന്നു പോകാൻ തയാറായി വന്നത്. പൊൻമുടിയിൽ ബുക്ക് ചെയ്തു വേണം പോകാൻ. ഹരിക്ക് ഇടയ്ക്കിടയ്ക്ക് പൊന്മുടി യാത്ര ഉള്ളത് കാരണം ബുക്കിംഗ് അവൻ ഏറ്റെടുത്തു. 2019 ഏപ്രിൽ 27 ശനിയാഴ്ച പോകാൻ തീരുമാനമായി. ഞാൻ ഈ യാത്രക്ക് തയാറായതിൽ 2 കാരണങ്ങളുണ്ട്. ഒന്ന് – വന്യ ജീവി ഫോട്ടോഗ്രാഫിയിൽ അത്യാവശ്യം താല്പര്യമുണ്ട്. വരയാടുകളുടെ ഒരു വന്യമായ ഫോട്ടോ എടുക്കണം എന്ന ആഗ്രഹം. ഇരവികുളത്തെ വരയാടുകളുടെ പടങ്ങൾക്ക് ഒരു വന്യത തോന്നാറില്ല. രണ്ട് – നല്ലൊരു ട്രെക്കിങ്ങ് പാതയാണെന്നു കേട്ടിട്ടേ ഉള്ളു. അതൊന്ന് അനുഭവിക്കണം.


അങ്ങനെ ആ ദിവസം എത്തി. രാവിലെ ഏഴുമണിയോടുകൂടി ഞങ്ങൾ ബൈക്കുകളിൽ പൊന്മുടിയുടെ തുടക്കത്തിൽ ഉള്ള ചെക്പോയിന്റിൽ എത്തി. ഞങ്ങൾ ഭക്ഷണം വീട്ടിൽ നിന്നുതന്നെ കഴിച്ചിരുന്നു. അനു പൊൻമുടിയിൽ എത്തിയിട്ട് കഴിച്ചു. അപ്പോഴേക്കും ഗൈഡ് ചേട്ടന്മാർ വന്നു. അവർ രണ്ടുപേരുണ്ടായിരുന്നു. അല്പം ദൂരം വീണ്ടും ബൈക്കിൽ പോയി. ഗൈഡുമാർ മുന്നിലും ഞങ്ങൾ പിറകിലും. അല്പം ദൂരം പൊന്മുടിയുടെ മുകളിലേക്ക് പോകുന്ന പ്രധാന വഴിയിൽകൂടി പോയതിനുശേഷം ഒരു കോൺക്രീറ്റ് ചെയ്ത ഇടവഴിയിലേക്ക് കയറി. നല്ല കയറ്റം കയറി ഏകദേശം ഒരുകിലോമീറ്ററിനുശേഷം ബൈക്കുകൾ വഴിയരികിൽ പാർക്ക് ചെയ്തു. ഫോട്ടോ എടുക്കാൻ വേണ്ടി എന്റെ Nikon D750 ക്യാമറയും Sigmayude 150-600mm ടെലി ലെൻസും കരുതിയിട്ടുണ്ടായിരുന്നു. ഇതുകൂടാതെ ഭക്ഷണം, വെള്ളം എന്നിവയും ഉണ്ടായിരുന്നതുകൊണ്ട് ബാഗിന് നല്ല ഭാരം ഉണ്ടായിരുന്നു. ഒരുവഴി തന്നെ ഏകദേശം 20 കിലോമീറ്ററുള്ള അഗസ്ത്യകൂടം പലതവണ കയറിയ ചെറിയ അഹങ്കാരത്തിലാണ് ഈ 7 കിലോമീറ്റർ മാത്രം ഒരു വശത്തേക്കുള്ള ട്രെക്കിന് വന്നത്. ആദ്യത്തെ ഒരുകിലോമീറ്ററിനുള്ളിൽ ആ അഹങ്കാരം മുഴുവൻ വിയർപ്പിലൂടെ ഒഴുകിപ്പോയി.

എട്ടുമണിയോടുകൂടി കയറാൻ തുടങ്ങി. തുടക്കത്തിൽ അല്പം എളുപ്പമുള്ള വഴി പ്രതീക്ഷിച്ച ഞങ്ങൾക്ക് തെറ്റി. ആദ്യമേ തന്നെ കഠിനമായ കയറ്റം, ഇടതൂർന്ന കാട്. വേനൽ ആണെങ്കിലും കാടിന്റെ ഗാംഭീര്യത്തിന് വലിയ കുറവൊന്നുമുണ്ടായിരുന്നില്ല. അടിക്കാടുകൾ മാത്രം അവിടവിടെ ഉണങ്ങി നിന്നിരുന്നു. ഏകദേശം ആദ്യത്തെ അരക്കിലോമീറ്റർ ആയപ്പോൾ തന്നെ കയറ്റവും ബാഗിന്റെ ഭാരവും കാരണം ഞാൻ തളർന്നു തുടങ്ങി. ഏറ്റവും പുറകിലായി പതുക്കെ നിന്നുനിന്ന് കയറി. എന്റെ കഷ്ടപ്പാട് കണ്ട ഒരു ഗൈഡ് ചേട്ടൻ എന്റെ ബാഗിൽ നിന്നും ക്യാമറയും ലെൻസും എടുത്ത് പുള്ളിയുടെ ബാഗിൽ വെച്ചിട്ടു കയറാൻ തുടങ്ങി. അതൊരു വലിയ സഹായമായിരുന്നു. ഒരുപാട് നന്ദി പറഞ്ഞു ആളോട്. ഏകദേശം ഒരുകിലോമീറ്റർ കയറിയതിനു ശേഷം അല്പസമയം വിശ്രമിച്ചു. എല്ലാവരും ഉടുപ്പിൽ നിന്നും വിയർപ്പ് പിഴിഞ്ഞുകളയുന്നുണ്ടായിരുന്നു എന്ന് പറയുമ്പോൾ ആ കയറ്റത്തിന്റെ തീവ്രത നിങ്ങള്ക്ക് ഊഹിക്കാം എന്ന് കരുതുന്നു. കയറ്റത്തിന്റെ കഷ്ടപ്പാടിന്റെ ഇടയിൽ കൈയിൽ ക്യാമറ ഉള്ളതുതന്നെ മറന്നു. വീണ്ടും നടത്തം തുടർന്നു. ആനയിറങ്ങുന്ന വഴിയാണെന്ന് ഗൈഡുമാർ പലവട്ടം ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ അധികം സംസാരവും ബഹളവും ഇല്ലാതെ മല കയറി.
പത്തേമുക്കാലോടുകൂടി ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു. പഴയ ഒരു അമ്പലത്തിന്റെ ബാക്കിപത്രം. അപ്പോഴേക്കും എല്ലാവരും വിശന്നു തളർന്നിരുന്നു. ഉച്ചഭക്ഷണം അവിടുന്നുതന്നെ കഴിച്ചു. നന്നായി അട്ടയുടെ ശല്യം ഉണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന ഉപ്പുതേച്ചും ഷൂസിൽ ഉപ്പുവെള്ളം തടവിയും ഒക്കെ അവയുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തു. കഴിഞ്ഞ കുറച്ചു ദൂരം സൂര്യവെളിച്ചം കാണാത്ത തരത്തിലുള്ള വനഭൂമിയിലൂടെയായിരുന്നു നടത്തം. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം യാത്ര തുടർന്നു. ഒരു വലിയ മരത്തിന്റെ വശത്തുകൂടി കയറി വന്നപ്പോഴാണ് ഗൈഡ് ചേട്ടൻ ഒരു കാഴ്ച കാണിച്ചത്. അടുത്തുള്ള ദ്രവിച്ച മരത്തടിയിൽ ഒരു പൂച്ചക്കണ്ണൻ പാമ്പ് കിടക്കുന്നു. അത്യാവശ്യം വലിപ്പമുണ്ട്. ഞങ്ങളെക്കണ്ടിട്ടും ഓടിമാറാൻ ശ്രമിക്കാതെ കിടക്കുകയാണ്. എന്തോ വയ്യായ്കയാണെന്ന് ഒന്ന് നിരീക്ഷിച്ചപ്പോൾ മനസിലായി. പക്ഷെ പരിക്കുകളൊന്നും കാണാനുണ്ടായിരുന്നില്ല. അടുത്ത് ചെന്ന് ഒന്നുരണ്ടു ഫോട്ടോ എടുത്തു. വയ്യെങ്കിലും കടിക്കാനായി ആയുന്നുണ്ടായിരുന്നു. പക്ഷെ അതിനും വേഗത കുറവായിരുന്നു. അവനെ അധികം ശല്യപ്പെടുത്താതെ കയറ്റം തുടർന്നു.

ഇത്തവണ ചെന്ന് കയറിയത് പുൽമേട്ടിലേക്കാണ്. ഒരു മരത്തണൽ പോലുമില്ലാതെ നീണ്ടുപരന്നുകിടക്കുന്ന പുൽമേട്. തീഷ്ണമായ വെയിലിലൂടെയായിരുന്നു പിന്നീടുള്ള ഒരുപാട് ദൂരം. കയറ്റത്തിന്റെ തീഷ്ണത അല്പം കുറഞ്ഞു. താണ്ടാനുള്ള മലകൾ മുന്നിലേക്ക് വ്യാപിച്ചു കിടക്കുന്നു. പനയുടെ ഇലപോലെയുള്ള ഒരു ചെടി അവിടെ ധാരാളമായി കണ്ടു. പലതിലും പച്ച കായ പിടിച്ചിട്ടുണ്ടായിരുന്നു. ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഗൈഡ് ചേട്ടന്മാർ പറഞ്ഞുതന്നു. പഴുത്ത കായ്കൾ കണ്ടതെല്ലാം ഞങ്ങളുടെ വയറുകളിലേക്കു പോയി. കഴിക്കാൻ കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ വഴിയെക്കുറിച്ചുള്ള വലിയ ധാരണയില്ലാതെയുള്ള വരവായിരുന്നു. വെള്ളം കുറേശ്ശെ കുടിച്ചു ആ വെയിലും കൊണ്ട് നടന്നു. കൈയിൽ ഉള്ള വെള്ളം തീർന്നാൽ അടുത്തെങ്ങും വേറെ അരുവികൾ ഇല്ല. വെള്ളം പിശുക്കി ഉപയോഗിക്കാൻ അതും ഒരു കാരണമായിരുന്നു.

നടത്തത്തിനൊടുവിൽ, തലയുയർത്തി നിൽക്കുന്ന വരയാട്ടുമൊട്ടയുടെ താഴെ എത്തി. തലക്കുമുകളിൽ എന്നപോലെ നിൽക്കുന്ന മല കണ്ടപ്പോൾ തന്നെ എല്ലാവരുടെയും ആവേശം ചോർന്നു. താഴ്വാരത്തിൽ അല്പം ഇരുന്നതിനുശേഷം കയറാനുള്ള തീരുമാനമായി. അങ്ങനെ വരിയായി കുത്തനെയുള്ള കയറ്റം ആരംഭിച്ചു. ഒരാൾക്ക് നടക്കാനുള്ള വീതിയേ ആ വഴിക്കുള്ളു. കൂടാതെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ കുത്തനെയുള്ള മലയിൽനിന്നും താഴേക്കു വീഴാനും സാധ്യതയുണ്ട്. വളരെ ശ്രദ്ധിച്ചു കയറി പകുതി എത്തിയപ്പോൾ വീണ്ടും ചെറുതായി ഒന്ന് വിശ്രമിച്ചു. ഇനി അവസാനത്തെ കയറ്റം. പുല്ലിലൂടെയും പാറകളിലൂടെയും കയറി ഞങ്ങൾ വരയാട്ടുമൊട്ട കീഴടക്കി.വരയാടുകളെ കാണാൻ സാധിക്കാത്ത നിരാശ മുകളിൽനിന്നുള്ള കാഴ്ചയിൽ ഇല്ലാതായി. മലനിരകളുടെ അതിമനോഹര ദൃശ്യം. എത്രകണ്ടാലും മതിയാവാത്ത കാഴ്ച. മലമുകളിൽ മരങ്ങളാൽ മൂടിയ ഒരു സ്ഥലത്തിരുന്ന് എല്ലാവരും വിശ്രമിച്ചു. ഇതുവരെയേറ്റ വെയിലിന്റെയും കയറിയ കയറ്റത്തിന്റെയും ക്ഷീണം അതോടെ ഒന്നു മാറി. എല്ലാവരും സംസാരിച്ചിരുന്നു. ഗൈഡുമാർ അവരുടെ അനുഭവങ്ങൾ പലതും പങ്കുവെച്ചു


എണ്ണത്തിൽ കുറവാണെങ്കിലും വന്യതയിൽ ജീവിക്കുന്ന വരയാടുകളാണ് ഇവിടെയുള്ളത്. പൊതുവെ നാണംകുണുങ്ങികളായ ഇവർ മനുഷ്യ സാമീപ്യം തീരെ ആഗ്രഹിക്കുന്നവയല്ല. അതിനാൽത്തന്നെ മലകയറുമ്പോൾ അടുത്ത് ഇവയെ കാണാൻ സാധിക്കില്ല. ഭാഗ്യമുണ്ടെങ്കിൽ ദൂരെ നടക്കുന്നത് കാണാം. പക്ഷെ നമ്മുടെ സാന്നിധ്യം തിരിച്ചറിയുന്ന മാത്രയിൽ അവർ ഓടി ഒളിക്കും. ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ അതിവേഗം ഓടുന്ന ഇവയുടെ കാഴ്ച ശ്വാസംപിടിച്ചല്ലാതെ കണ്ടിരിക്കാൻ കഴിയില്ല. അങ്ങനെയൊരു കാഴ്ച ഇരവികുളത്തുനിന്നും ഒരിക്കൽ കണ്ടിരുന്നു. ശത്രുക്കളിൽനിന്നും രക്ഷപെടാൻ ഈ അടവ് ഇവർ എടുക്കാറുണ്ട്. ഒട്ടുമിക്ക ശത്രുക്കൾക്കും അങ്ങനെയുള്ള പാറക്കെട്ടുകൾ കയറാൻ കഴിയില്ല. പ്രകൃതി അതിജീവനത്തിനായി കൊടുത്തിരിക്കുന്ന കഴിവാണിത്.

രണ്ടുമണിയോടുകൂടി ഞങ്ങളുടെ തിരിച്ചുള്ള ഇറക്കം ആരംഭിച്ചു. കുത്തനെയുള്ള അല്പം ദൂരം ഇറങ്ങിയപ്പോൾ തന്നെ ഹരിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തലകറക്കം കാരണം ഒരടി നടക്കാൻ കഴിയുന്നില്ല. ഞങ്ങൾ എല്ലാവരും അത്യാവശ്യം ഭയന്നു. കൊടും കാടിനു നടുവിലെ മലമുകളിലാണ് നിൽക്കുന്നത്. സൂക്ഷിച്ചു ഇറങ്ങിയാൽ തന്നെ കാലു തെന്നുന്ന വഴി. അതും ഒരാൾക്കുമാത്രം നടക്കാനുള്ള വീതിയെ ഉള്ളു. അല്പസമയം കാത്തിരുന്നിട്ടും അവനു കുറവില്ല. ഗൈഡ് ചേട്ടന്മാർ സഹായവുമായി എത്തി. അവനെ ഈ ചെങ്കുത്തായ ഇറക്കം ഇറക്കാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അത് കഴിഞ്ഞാൽ അല്പം നിരപ്പായ സ്ഥലം ഉണ്ട്. ബാക്കി അവിടെ ചെന്നിട്ടു ആലോചിക്കാം എന്നും. രണ്ടു ചേട്ടന്മാരും രണ്ടു വശത്തുനിന്ന് ഹരിയെ താങ്ങിയെടുത്തു. ഞങ്ങൾക്കാർക്കും വിശ്വസിക്കാൻ പറ്റാത്ത വേഗതയിൽ അവനെയുംകൊണ്ട് അവർ താഴെ എത്തി. പിന്നെയും അല്പം സമയം എടുത്തു പതുക്കെ ഞങ്ങൾ താഴെ എത്താൻ. ഞങ്ങളുടെ കൈയിലെ വെള്ളം മുഴുവൻ കഴിഞ്ഞിരുന്നു. ഗൈഡുമാർ തന്നെ അടുത്തുള്ള ഒരു അരുവിയിൽനിന്നും വെള്ളം ശേഖരിച്ചു തന്നു. ഹരിയെ നന്നായി വെള്ളം കുടിപ്പിച്ചു. അവൻ അവിടെ കിടന്നു ഉറക്കമായി. താഴെനിന്നും ഹരിയെ താഴേക്കു കൊണ്ടുപോകാൻ ആളിനെ അന്വേഷിച്ച് ഗൈഡുമാർ പോയി. ഞങ്ങൾ അഞ്ചുപേരും കാടും മാത്രമായി അവിടെ.

നല്ല ക്ഷീണം കാരണം ഞങ്ങളും ഒന്നു മയങ്ങി. പതിനൊന്നുമണിയോടുകൂടി ഭക്ഷണം കഴിച്ചതാണ്. അതിനു ശേഷം ആ കാട്ടുപഴം അല്ലാതെ ഒന്നും കഴിച്ചിട്ടില്ല. അഞ്ചുമണിയോടുകൂടി എല്ലാവരും ഉറക്കം എഴുന്നേറ്റു. ഹരിയും. ഉറക്കം കഴിഞ്ഞപ്പോൾ അവൻ പൂർണ ആരോഗ്യവാനായിരുന്നു. അല്പം കഴിഞ്ഞപ്പോൾ താഴെനിന്നും രണ്ടുപേരെയും കൊണ്ട് ഗൈഡുമാരും വന്നു. പക്ഷെ ഇപ്പോൾ ഹരിക്ക് നടക്കാൻ കഴിയും. ഞങ്ങൾ എല്ലാവരും കൂടി കാടിറക്കം തുടങ്ങി. വൈകുന്നേരങ്ങളിൽ കാട് തീരെ സുരക്ഷിതമല്ല. വന്യമൃഗങ്ങൾ ഇരപിടിക്കാനും മറ്റുമായി സജീവമായി നിൽക്കുന്ന സമയമാണ്. ഭാഗ്യത്തിന് ഞങ്ങൾ ഒന്നിനെയും കണ്ടില്ല. ട്രെക്കിങ്ങ് തീരുന്നതിന് അല്പം മുൻപ് പടക്കം പൊട്ടിക്കുന്നതുപോലെയുള്ള ശബ്ദം ഒന്നുരണ്ടു തവണ കേട്ടു. ആനയാവും എന്ന് ഗൈഡുമാർ സംശയം പറഞ്ഞു. സമയം ആറരയോളം ആയിരുന്നു. തീരെ വെളിച്ചമില്ല. മൊബൈലിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ആണ് ഇറക്കം. ഇടയ്ക്കു ആന നിന്നാൽ കൂടി അറിയില്ല. താഴെ എത്താറായപ്പോൾ ഒരു ചേട്ടനെ കണ്ടു. ആന ഇറങ്ങിയിട്ടുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിവിട്ട ശേഷം അവിടെ ഇരിക്കുകയായിരുന്നു ആ ചേട്ടൻ. ഏഴുമണിയോടുകൂടി ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്ത് എത്തി. ഹരിയെ കൊണ്ടുവരാൻ വന്ന ചേട്ടന്മാർക്കും ഗൈഡ് ചേട്ടന്മാർക്കും ഞങ്ങളുടെ സന്തോഷത്തിനു ഒരു പാരിതോഷികവും നൽകി.
ഇന്നുവരെ ഇത്ര കഠിനമായ ഒരു ട്രെക്ക് പിന്നെ ചെയ്തിട്ടില്ല. അഗസ്ത്യകൂടം യാത്ര വേറൊരു രീതിയാണ്. ദൂരം വച്ചുനോക്കുമ്പോൾ ഈ ട്രെക്ക് അതി കഠിനമാണ്. ഇനി ഒരിക്കൽക്കൂടി പോകണം , അന്ന് വരയാടുകളെയും കാണണം.

