സ്വന്തമായി ഒരു വാഹനം മേടിക്കുന്നതിനു മുൻപേ ഉള്ള ആഗ്രഹമായിരുന്നു ഒരു ഓൾ ഇന്ത്യ ട്രിപ്പ്. ഏകദേശം പത്തുവർഷമായി ഉള്ളിൽ ഉള്ള മോഹം. വിവാഹ ശേഷം ആ ആഗ്രഹത്തിന്റെ തീവ്രത കൂടി, കാരണം ദിവ്യയും പൂർണ്ണ സമ്മതത്തോടെ ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ ആ സ്വപ്നത്തിനു ജീവൻ വയ്പ്പിക്കാൻ 2020 ഇൽ ഉറപ്പിച്ചു. അന്നുമുതൽ ഞങ്ങളുടെ സമ്പാദ്യത്തിൽനിന്നും ഒരു വിഹിതം യാത്ര എന്ന മോഹത്തിനുവേണ്ടി മാറ്റിവെക്കാൻ തുടങ്ങി. 2022 യാത്ര ആരംഭിക്കാനും തീരുമാനമായി. അപ്പോഴേക്കും രണ്ടുപേരുടെയും അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകും എന്നതായിരുന്നു 2022 തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. 30 ദിവസം രണ്ടുപേർക്കും ലീവ് ലഭിക്കും. 2022 ജനുവരിയിൽ ഓഫീസിൽ പറഞ്ഞു. ഒരെതിർപ്പും പറയാതെ മാനേജർമാർ സമ്മതിച്ചു. അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞു.
