ഞങ്ങൾ നിൽക്കുന്നതിനു തൊട്ടുപുറകിലുള്ള മലമുകളിൽനിന്നാണ് പാകിസ്ഥാൻ നുഴഞ്ഞു കയറ്റം നടത്തിയതും നമ്മെ ആക്രമിച്ചതും. ആ സമയത്ത് മഞ്ഞുകാലമാകുമ്പോൾ കഠിനമായ തണുപ്പ് കാരണം ഇരുരാജ്യങ്ങളും അവരുടെ കാവലിടങ്ങളിൽനിന്നും പിന്മാറുകയും പിന്നീട് കാലാവസ്ഥ നന്നാവുമ്പോൾ തിരികെ വരികയുമായിരുന്നു പതിവ്. പക്ഷെ 1999 ഇൽ പാകിസ്ഥാൻ നേരത്തെ പറഞ്ഞുറപ്പിച്ചതിൽനിന്നും നേരത്തെ എത്തുകയും ഇന്ത്യക്കുനേരേ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മൂന്നുമാസത്തിൽ നാം നമ്മുടെ ഭാഗങ്ങൾ തിരികെ പിടിക്കുകയുണ്ടായി. അതിനുശേഷം വർഷത്തിൽ എല്ലാദിവസവും അവിടെ കാവൽ ഉറപ്പാക്കി. കൊടിയ തണുപ്പിൽ ചിലപ്പോൾ താപനില -40 ഡിഗ്രി സെൽസിയസ് വരെ പോകാറുണ്ട്. അവിടെ ആ സമയത്തു കാവൽനിൽക്കുന്നവരെ മനസ്സിൽ നമിച്ചു. നല്ല ഭക്ഷണംപോലും കിട്ടാൻ ബുദ്ധിമുട്ടാവും ഇവിടെ ചിലപ്പോൾ.
